ആഗ്രഹങ്ങള്‍ അവസാനിപ്പിച്ച് മാണി

Posted on: November 19, 2014 1:05 am | Last updated: November 19, 2014 at 1:05 am

കോട്ടയം:താന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരെ എന്തിന് നിരുത്സാഹപ്പെടുത്തണമെന്ന് മുമ്പ് വീമ്പുപറഞ്ഞ കെ എം മാണിക്ക് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ മേലില്‍ ആരും നടത്തരുതെന്ന് പറയേണ്ട സ്ഥിതി വന്നിരിക്കുന്നു. ഇടതുമുന്നണിയിലെ, പ്രത്യേകിച്ച് സി പി എം, സി പി ഐ അടക്കമുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ ഒന്നടങ്കം കെ എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പലകുറി അഭിപ്രായപ്പെട്ടു. പാര്‍ട്ടി പത്രം നിരവധി തവണ എഡിറ്റോറിയല്‍ പേജില്‍ ലേഖനമെഴുതി മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ വരെ മുഖ്യമന്ത്രിയാകാനുള്ള മാണിയുടെ യോഗ്യതയില്‍ എതിരഭിപ്രായം പറയാന്‍ വിമുഖത കാട്ടി.
ഇതൊക്കെ വായിച്ചും കേട്ടറിഞ്ഞും ആഹ്ലാദിച്ച കെ എം മാണിയെ ബാര്‍ കോഴ വിവാദം പാടെ തളര്‍ത്തിയെന്നാണ് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണിയുടെ വാക്കുകളില്‍ നിഴലിച്ചത്. കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനായി ഇടതുവലതു മുന്നണികളുടെ നേതൃത്വങ്ങളുമായി സമരസപ്പെട്ട് മുന്നേറിയ മാണിയെ തളക്കാന്‍ മുന്നണിക്കുള്ളിലെ തന്നെ പ്രബല വിഭാഗം ബാര്‍ കോഴ വിവാദം ആളിക്കത്തിച്ചുവെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഈ വിവാദങ്ങള്‍ മാണിക്കെതിരെ ഉയരുന്നതിന് പിന്നില്‍ മാണിയുടെ മുഖ്യമന്ത്രി സ്ഥാനമെന്ന മോഹം തല്ലിക്കെടുത്തുകയായിരുന്നു എതിരാളികള്‍ ലക്ഷ്യംവെച്ചത്. ഇത് പൂര്‍ണ അര്‍ഥത്തില്‍ ശരിവെക്കുന്ന നിലപാടാണ് മാണിയുടെ പ്രസ്താവനയിലും ശരീരഭാഷയിലും ഇന്നലെ പ്രകടമായത്. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ആഗ്രഹം എവിടെയും പ്രകടിപ്പിക്കേണ്ടെന്ന് പാര്‍ട്ടിയിലെ എല്ലാവരോടും നിര്‍ദേശിക്കാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതി തീരുമാനിച്ചെന്ന വിവരം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി തെല്ലും സന്തോഷത്തോടെയല്ല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുമായി രഹസ്യബാന്ധവത്തിന് കേരള കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ ശരിവെക്കുന്നതാണ് മാണിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്നു.
സി പി ഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം അസാധ്യമാണെന്ന കാര്യം കേരള കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ മാണിയെ പ്രേരിപ്പിച്ചതായാണ് സൂചന. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറെനാളായി പൊതുസമൂഹ മധ്യേ കെ എം മാണിക്കുണ്ടായിരുന്ന അഴിമതി രഹിത പ്രതിഛായ ബാര്‍ കോഴ വിവാദത്തോടെ ഇല്ലാതായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പദമെന്ന മോഹം ഉപേക്ഷിക്കാന്‍ മാണി കടുത്ത തീരുമാനങ്ങളിലേക്ക് എത്തിപ്പെട്ടതെന്നാണ് സൂചന. കെ എം മാണിയുടെ പിന്‍ഗാമിയാകാന്‍ തയാറെടുക്കുന്ന ജോസ് കെ മാണി എം പി മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പാര്‍ട്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിന് മുമ്പ് പാര്‍ട്ടി ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു.