രാമസ്വാമിഅയ്യരുടെ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നു

Posted on: November 19, 2014 1:04 am | Last updated: November 19, 2014 at 1:04 am

മലപ്പുറം: എല്‍ വി രാമസ്വാമി അയ്യരുടെ വ്യാകരണ ശാസ്ത്രസാഹിത്യ ഭാഷാ ലേഖനങ്ങള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രസിദ്ധീകരിക്കുന്നു. മൂന്ന് വാള്യങ്ങളായാണ് ഇവ പ്രസിദ്ധീകരിക്കുക. ഒന്നാം വാള്യത്തില്‍ ലീലാതിലക ലേഖനങ്ങളായിരിക്കും. രണ്ടാം വാള്യത്തില്‍ മലയാള ഭാഷയും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. ദ്രാവിഡ ഭാഷാ പഠനസംബന്ധിയായവ മൂന്നാം വാള്യമായാണ് പ്രസിദ്ധീകരിക്കുക.
എല്‍ വി രാമസ്വാമി അയ്യരുടെ പുസ്തക പരമ്പരയുടെ എഡിറ്റര്‍മാരായി ടി ബി വേണുഗോപാലപ്പണിക്കരെയും ഡോ. സൗമ്യബേബിയെയും നിയോഗിച്ചിട്ടുണ്ട്.പതിനാലാം നൂറ്റാണ്ടിലെ മലയാള വ്യാകരണ സാഹിത്യശാസ്ത്ര കൃതിയാണ് അജ്ഞാത കര്‍തൃത്ത്വമായ ലീലാതിലകം. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അപ്പന്‍ തമ്പുരാന്‍ ലീലാതിലകം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചു. എല്‍.വി. രാമസ്വാമി അയ്യര്‍ ഇതിനെപ്പറ്റി പഠനങ്ങള്‍ നടത്തി.ഓരോ പ്രസ്താവങ്ങളെയുമെടുത്ത് – തമിഴ് പ്രഭാവങ്ങളെയും സംസ്‌കൃത പ്രഭാവങ്ങളെയും – താരതമ്യപ്പെടുത്തി രാമസ്വാമി അയ്യര്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധമായി 200-ഓളം ലേഖനങ്ങള്‍ ഇംഗ്ലീഷിലും ഏതാനും ലേഖനങ്ങള്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഉള്‍പ്പെട്ട ദ്രാവിഡ ഭാഷാ കുടുംബത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം സമാഹരിച്ചാണ് മൂന്ന് വാള്യങ്ങളായി ഇപ്പോള്‍ പ്രസിദ്ധീകരിക്കുക.