‘തേന്‍തുള്ളി’ പ്രകാശനം ചെയ്തു’

Posted on: November 19, 2014 1:01 am | Last updated: November 19, 2014 at 1:01 am

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസാധക വിഭാഗമായ ഐ പി ബി പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ സചിത്ര കഥാപുസ്തകം ‘തേന്‍തുള്ളി’ പ്രകാശനം ചെയ്തു. പന്താവൂര്‍ ഇര്‍ശാദ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണനാണ് പ്രകാശനം നിര്‍വഹിച്ചത്.
ജീവിതം പ്രമേയമാകുന്ന രചനകള്‍ താരതമ്യേന കുറഞ്ഞു വരുന്നതായി സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജീവിതം പാഠപുസ്തകങ്ങളില്‍ നിന്ന് പഠിച്ചെടുക്കാവുന്ന ലഘുഗണിതക്രിയയല്ല.
ചുറ്റുപാടുകളില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കേണ്ട സമസ്യയാണ്. അത് സാധ്യമാകണമെങ്കില്‍ ജീവിതം യഥാവിധി ആവിഷ്‌കരിക്കപ്പെടുന്ന കൃതികളുണ്ടാകണം. വളര്‍ന്നുവരുന്ന തലമുറക്ക് വെളിച്ചം കാട്ടാനുതകുന്ന സൃഷ്ടികളുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാര്‍ഥികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നതില്‍ വായന വലിയ പങ്കുവഹിക്കുന്നുണ്ട്.
ലളിതമായ വാക്കുകള്‍കൊണ്ട് കൊച്ചുമനസ്സുകളില്‍ മൂല്യബോധം പകരാന്‍ ഉതകുന്നതാണ് ഐ പി ബി തേന്‍തുള്ളി പുസ്തകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു.
എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുല്‍ മജീദ്, രാജന്‍ ആലങ്കോട്, സിദ്ദീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, സോണി ജോസ് പ്രസംഗിച്ചു.