സുനന്ദ പുഷ്‌കറുടെ മരണ ദിവസം ഹോട്ടലില്‍ താമസിച്ച ‘വ്യാജന്‍മാരെ’ അന്വേഷിക്കുന്നു

Posted on: November 19, 2014 12:54 am | Last updated: November 19, 2014 at 12:54 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട ദിവസം രാത്രി അതേ ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി താമസിച്ചിരുന്ന മൂന്ന് പേര്‍ ആരായിരുന്നു എന്നത് പോലീസ് അന്വേഷിക്കുന്നു. ഹോട്ടലില്‍ ‘വ്യാജ അതിഥി’കളായി താമസിച്ചവരെ കണ്ടെത്താന്‍ പോലീസ് കഠിന ശ്രമത്തിലാണ്.
സംഭവം നടന്ന ജനുവരി 17ന് ദുബൈ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും വിമാനയാത്ര നടത്തിയവരുടെ വിവരങ്ങള്‍ പോലീസ് തിരക്കിയിട്ടുണ്ട്. ആ ദിവസമാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ‘പുറത്ത് നിന്നുള്ള ഒരാള്‍ക്ക്’ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നതായാണ് സൂചന. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദേശ രാജ്യത്ത് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് വിശദമായി പരിശോധിക്കുന്നുണ്ട്. സി എഫ് എസ് എല്ലിനുും ഡോക്ടര്‍മാര്‍ക്കും സുനന്ദയുടെ മരണം സംബന്ധിച്ച് ഒന്നും തീര്‍ത്ത് പറയാനാകാത്ത അവസ്ഥയും സംശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.
‘അന്വേഷണം നടന്നുവരികയാണ്. വ്യക്തമായ ഒരു നിഗമനത്തിലെത്തിക്കഴിഞ്ഞാല്‍ വിവരം നല്‍കും- ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസ്സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.