Connect with us

Gulf

1.7 കോടി കാപ്റ്റജന്‍ ഗുളികകള്‍ പിടികൂടി

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് 1.7 കോടിയിലധികം കാപ്റ്റജന്‍ ഗുളികകള്‍ പിടികൂടി. ജബല്‍ അലി പോര്‍ട്ടില്‍ എത്തിയ രണ്ടു കണ്ടയ്‌നറുകളില്‍ നിന്നാണ് ഇത്രയും മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മരത്തിന്റെ വാതിലുകള്‍ കൊണ്ടുവന്ന കണ്ടയ്‌നറുകളില്‍ കാപ്റ്റജന്‍ ഗുളികകള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടാനായത്.
കണ്ടയ്‌നറുകളിലെ സാധനങ്ങള്‍ അജ്മാനിലെ വെയര്‍ഹൗസിലേക്ക് മാറ്റുന്നതടക്കമുള്ള നീക്കങ്ങള്‍ പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അറബ് വംശജനായ ഒരാളുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് കടത്ത് നടന്നിരുന്നത്. അജ്മാന്‍ പോലീസിന്റെ സഹായത്തോടെ അറബ് വംശജനെ അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്ന് ഏതാനും ട്രമഡോള്‍ ഗുളികകള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കാപ്റ്റജന്‍ ഗുളികകള്‍ കടത്തിയത് പ്രതി സമ്മതിക്കുകയും അജ്മാന്‍ ചൈനീസ് മാര്‍ക്കറ്റില്‍ സമീപമുള്ള വെയര്‍ഹൗസില്‍ ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
സി ഐ ഡി വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം മന്‍സൂരി, മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹാരിബ്, ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖാലിദ് അല്‍ ഖുവാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.