Connect with us

Gulf

അന്തരീക്ഷത്തില്‍ നിന്ന് കുടിവെള്ളം; ലോകത്തിലെ ആദ്യ കണ്ടുപിടുത്തമെന്ന് സ്വദേശി സ്ഥാപനം

Published

|

Last Updated

അബുദാബി: അന്തരീക്ഷത്തില്‍ നിന്ന് ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയുമായി സ്വദേശി കമ്പനി രംഗത്ത്. യു എ ഇ ആസ്ഥാനമായുള്ള ഖത്വ്‌റാതുന്നദാ അല്‍ വത്വനിയ്യ കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. ലോകത്തില്‍ ആദ്യമാണ് ഇത്തരമൊരു സാങ്കേതികവിദ്യയെന്ന് അധികൃതര്‍ പറഞ്ഞു.

അമേരിക്ക ആസ്ഥാനമായുള്ള ഇക്കളോബ്ലൂ കമ്പനിയുടെ സഹകരണത്തോടെ യു എ ഇ സ്വദേശികളായ ഒരു പറ്റം പ്രകൃതി ശാസ്ത്രജ്ഞരാണ് ഏറെ പ്രതീക്ഷക്കു വകനല്‍കുന്ന കണ്ടുപിടുത്തത്തിന്റെ പിന്നില്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,500 ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കാവുന്ന യന്ത്രമാണ് ലോകത്തിലാദ്യമായി യു എ ഇയില്‍ പ്രവര്‍ത്തിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നുവരികയായിരുന്നെന്നും ഇപ്പോഴാണ് കുടിവെള്ള ഉത്പാദനം വിജയകരമാക്കിയതെന്ന് ഖത്വ്‌റാതുന്നദാ കമ്പനി അധികൃതരില്‍ ഒരാളായ എഞ്ചി. സാലിം മുബാറക് അല്‍ ജുനൈബി അറിയിച്ചു. സായുധ സേനാ ഉദ്യോഗസ്ഥരുടെ ക്ലബ്ബ് ഹോട്ടലില്‍, അന്തരീക്ഷത്തില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന ജനറേറ്റര്‍ പ്രദര്‍ശിപ്പിക്കവേയാണ് അല്‍ ജുനൈബി ഇക്കാര്യം അറിയിച്ചത്.
വായുവിലെ ഒരു ക്യൂബിക് മീറ്ററില്‍ സ്ഥിതിചെയ്യുന്ന ആപേക്ഷിക ആര്‍ദ്രത (റിലേറ്റീവ് ഹ്യുമിഡിറ്റി ആര്‍ എച്ച്)യും ചൂടിന്റെ അളവിനെയും പ്രത്യേക രീതിയില്‍ ബന്ധപ്പെടുത്തുന്നതോടെ ആര്‍ എച്ചിനെ നിരുപാധിക ഹ്യുമിഡിറ്റിയായി മാറ്റുന്നു. ഈ സാങ്കേതിക പ്രക്രിയയിലൂടെയാണ് ശുദ്ധമായ കുടിവെള്ളമായി മാറുന്നതെന്നും അല്‍ ജുനൈബി വിശദീകരിച്ചു.
വൈകാതെ തന്നെ ഖത്വ്‌റാതുന്നദാ കമ്പനിക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം അന്തരീക്ഷത്തില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയന്ന കേന്ദ്രം നിര്‍മിക്കാന്‍ കഴിയുമെന്നും അല്‍ ജുനൈബി പ്രഖ്യാപിച്ചു. ലോകത്തെ പ്രമുഖരായ പല സ്ഥാപനങ്ങളും ശാസ്ത്രജ്ഞരും അഭിനന്ദിച്ച പുതിയ ജനറേറ്റര്‍ പരിസ്ഥിതിക്കിണങ്ങിയതും കുടിവെള്ളത്തില്‍ സാധാരണയായി ഉണ്ടാകാനിടയുള്ള ബാക്ടീരിയകളും വൈറസുകളും ഇല്ലായ്മ ചെയ്ത് തീര്‍ത്തും ആരോഗ്യകരമായ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest