വടകര സഹകരണ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സ തുടങ്ങും

Posted on: November 18, 2014 7:53 pm | Last updated: November 18, 2014 at 7:53 pm

vadakara aashupathriദുബൈ: വടകര സഹകരണ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം കൂടി സജ്ജമാക്കാനും 500 കിടക്കകളുള്ള സൗകര്യം ഒരുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്യാധുനികവും, അടിയന്തിരവുമായ ഹൃദ്രോഗ ചികിത്സാ സൗകര്യത്തില്‍പെട്ട ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, ഓപ്പണ്‍ഹാര്‍ട് സര്‍ജറി എന്നിവയുള്‍പ്പെട്ട പരിചരണ വിഭാഗം സജ്ജമാക്കും. എം ആര്‍ ഐ സ്‌കാന്‍ സ്ഥാപിക്കും. ഇതിനുവേണ്ടി, 25 കോടിയോളം രൂപ സമാഹരിക്കാനാണ് പദ്ധതി.
ഹാര്‍ട് ഫൗണ്ടേഷനില്‍ ഒരു ലക്ഷം രൂപ ഓഹരി എടുക്കുന്ന ഒരാള്‍ക്കു ഒന്നരലക്ഷം രൂപ ഓഹരി എടുത്താല്‍ രണ്ടുപേര്‍ക്കും ഹൃദയ സംബന്ധമായ ഓപ്പണ്‍ ഹാര്‍ട് സര്‍ജറി ഉള്‍പെടെ സൗജന്യ ചികിത്സ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ സമ്പൂര്‍ണ ഹൃദയ പരിശോധനയും ലഭ്യമാക്കും. ഒരു ലക്ഷം രൂപ വരെ ഓഹരിയെടുക്കുന്നവര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വര്‍ഷത്തില്‍ ആനുപാതിക ചികിത്സാ സൗകര്യം ലഭിക്കും. രണ്ടു ലക്ഷം രൂപ റൂം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് റൂമിന്റെ 100 ദിവസത്തെ വാടക നല്‍കി വരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ കൂടി സന്ദര്‍ശനം നടത്തുമെന്നും അവര്‍ അറിയിച്ചു. പത്മനാഭന്‍ മാസ്റ്റര്‍, ശശീന്ദ്രന്‍, രാജന്‍ നമ്പ്യാര്‍, കുഞ്ഞമ്മദ് ഹാജി, മൂസ നാസര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 055-7452514, 056-7134534.