ദുബൈ ചലച്ചിത്ര മേള ഡിസം. 10 മുതല്‍

Posted on: November 18, 2014 7:00 pm | Last updated: November 18, 2014 at 7:52 pm

ദുബൈ: ദുബൈ രാജ്യാന്തര ചലച്ചിത്ര മേള (ഡിഫ്) അടുത്തമാസം 10 മുതല്‍ 17 വരെ നടക്കും. ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ എത്തും.
മികച്ച അറബ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അറേബ്യന്‍ നൈറ്റ്‌സ് എന്ന പേരിലുള്ള വിഭാഗമാണ് ഇപ്രാവശ്യത്തെ സവിശേഷതയെന്ന് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ മസൂദ് അംറല്ല അല്‍ അലി പറഞ്ഞു. ജാന്‍ വില്യം വാന്‍ ഇവിജിക്കിന്റെ അറ്റ്‌ലാന്റിക് ആണ് ഈ വിഭാഗത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം. ഫത്താഹ് എന്ന മീന്‍ പിടിത്തക്കാരന്റെ സ്വപ്‌നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ജീവിതമാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.
സിറ്റി ലൈഫിലൂടെ പ്രേക്ഷക മനം കവര്‍ന്ന സ്വദേശി ഡയറക്ടര്‍ അലി എഫ്.മുസ്തഫ ഫ്രം എ ടു ബി എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തും. മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ അബുദാബിയില്‍ നിന്ന് ബെയ്‌റൂട്ടിലേയ്ക്കുള്ള യാത്രയിലൂടെ ജീവിതം പറയുന്ന ചിത്രം റോഡ് മൂവി ഗണത്തിലാണ് പെടുക.
നാദൈന്‍ നുആസിന്റെ ഹോം സ്വീറ്റ് ഹോം, ഖാലിദ് സൊലിമാന്‍ അല്‍ നാസിരിയുടെ ഓണ്‍ ദ് ബ്രൈഡ്‌സ് സൈഡ്, ലിവാ യാസ്ജിയുടെ ഡോക്യുമെന്ററി ഹോണ്ടഡ്, ഒന്‍പത് പലസ്തീന്‍ ഡയറക്ടര്‍മാര്‍ ഒരുക്കിയ ഒന്‍പത് ചിത്രങ്ങളടങ്ങിയ സസ്‌പെന്‍ഡഡ് ടൈം, ബാറ്റിന്‍ ഗൊബാദിയുടെ മാര്‍ഡന്‍, എട്ട് ഹ്രസ്വചിത്രങ്ങളടങ്ങിയ അണ്‍നോണ്‍ സോള്‍ജിയേഴ്‌സ്, ഷരീഫ് കോര്‍വരിന്റെ ദ് ഇന്‍ട്രൂഡര്‍, വഫാ ജാമിലിന്റെ കോഫി ഫോര്‍ ഓള്‍ നേഷന്‍സ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.