ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

Posted on: November 18, 2014 11:01 am | Last updated: November 18, 2014 at 11:01 am

നിലമ്പൂര്‍: മലപ്പുറം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തോടെയാണ മേള തുടങ്ങിയത്.
തിങ്കളാഴ്ച നടന്ന രജിസ്‌ട്രേഷനില്‍ ജില്ലയിലെ 17 സബ്ജില്ലകളില്‍ നിന്നായി 15,000ത്തോളം മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ എല്‍ പി, യു പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളാണ് ഇന്നലെ നടന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിക്കും. ഇന്ന് ശാസ്ത്ര മേളയില്‍ എല്ലാ വിഭാഗത്തിലും മത്സരങ്ങള്‍ നടക്കും.
ഗണിതമേളയില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ മത്സരങ്ങളും ഐ ടി മേളയില്‍ ഡിജിറ്റല്‍ പെയ്ന്റിംഗും ഐ ടി ക്വിസും പ്രവൃത്തി പരിചയ മേളയില്‍ തത്‌സമയ മത്സരങ്ങളും നടക്കും. മാനവേദന്‍ സ്‌കൂള്‍, മജ്മഅ് സ്‌കൂള്‍, ലിറ്റല്‍ ഫഌവര്‍ ഇംഗ്ലീഷ് സ്‌കൂള്‍, ചന്തക്കുന്ന് മോഡല്‍ എല്‍ പി സ്‌കൂള്‍, എ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഐ ടി മേളകള്‍ മാനവേദന്‍ സ്‌കൂളില്‍ വെച്ചും, പ്രവൃത്തി പരിചയമേള മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചന്തക്കുന്ന് മോഡല്‍ എല്‍ പി സ്‌കൂള്‍, എ യു പി സ്‌കൂള്‍ എന്നിവിടങ്ങളിലും, ഗണിത മേള ലിറ്റില്‍ ഫഌവര്‍ ഇംഗ്ലീഷ് സ്‌കൂളിലും നടക്കും.
ഇന്ന് ചന്തക്കുന്ന് എല്‍ പി, യു പി സ്‌കൂളിലെ വേദിയിലൊഴികെ എല്ലാ വേദികളിലും മത്സരങ്ങള്‍ നടക്കും. ഇന്ന് മജ്മഅിലാണ് എല്‍ പി, യു പി പ്രവൃത്തി പരിചയമേള നടക്കുക. നാളെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി പരിചയ മേളയും ഇവിടെ നടക്കും. നാളെ രാവിലെ ശാസ്ത്ര നാടകം മാനവേദന്‍ സ്‌കൂളില്‍ നടക്കും.
ഉച്ചക്ക് ശേഷം മജ്മഅ് സ്‌കൂളിലും, നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലും രാവിലെ പതിനൊന്നു മുതല്‍ 1.30വരെ വിദ്യാര്‍ഥികള്‍ക്കും, ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്. മേള 20ന് സമാപിക്കും.