വെള്ളം കട്ടുകൊണ്ടുപോകുന്നു

Posted on: November 18, 2014 9:56 am | Last updated: November 18, 2014 at 9:56 am

water-conservationകൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തിലേക്കും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കും ശുദ്ധജല വിതരണം നടത്തുന്ന കൊട്ടക്കാവയല്‍ പാലോറമല വാട്ടര്‍ ടാങ്കില്‍ നിന്ന് ജലമോഷണം വ്യാപകം. മലയുടെ മുകളിലുള്ള ടാങ്കില്‍ നിന്ന് ഡസനോളം ഓസുകളാണ് ജലമോഷണത്തിന് ഉപയോഗിക്കുന്നത്.

കിലോമീറ്ററോളം വെള്ളം ചോര്‍ത്തിക്കൊണ്ടുപോകുന്ന കാര്യം വാട്ടര്‍ അതോറിറ്റിയുടെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നതകേന്ദ്രങ്ങള്‍ക്ക് വരെ അറിയാമെങ്കിലും നടപടി എടുക്കന്നില്ല. ഒരിക്കല്‍ ഇവിടെ എത്തിയ ഉദ്യോഗസ്ഥരെ പരിസരവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് വേണ്ട രീതിയില്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്തതാണത്രെ ജലമോഷണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നത്. മലയുടെ താഴ്‌വാരങ്ങളിലുള്ളവര്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജലമോഷണം തുടരുന്നതു കാരണം കണക്ഷനെടുക്കാന്‍ ആരും തയ്യാറാകുന്നില്ല.
കൊടുവള്ളി ജല അതോറിറ്റിയുടെ കൊട്ടക്കാവയല്‍ പദ്ധതിയില്‍ പൂനൂര്‍ പുഴയില്‍ സ്ഥാപിച്ച കിണറുകളില്‍ നിന്നാണ് പാലോറമല ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ടാങ്കിന് താഴ്‌വാരത്ത് സ്ഥാപിച്ച വിതരണ മെയിന്‍ പൈപ്പ് ലൈനിലെ വാള്‍വ് കുറഞ്ഞ സമയത്തെ സപ്ലൈക്ക് ശേഷം ചിലര്‍ പൂട്ടിയിടുന്നതായും പരാതിയുണ്ട്.
നൂറ് കണക്കിന് വരുന്ന ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ സമയം മാത്രം ജലം ലഭിക്കുമ്പോ ള്‍, വാള്‍വ് പൂട്ടി ടാങ്കില്‍ എപ്പോഴും വെള്ളം നിലനിര്‍ത്തുക വഴി ഓസ് ഉപയോഗിച്ചുള്ള ജലമോഷ്ടാക്കള്‍ക്ക് ഏതു നേരവും വെള്ളം സുലഭമായി കിട്ടുകയും ചെയ്യുന്നു.