Connect with us

Kozhikode

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു: മന്ത്രി

Published

|

Last Updated

കോഴിക്കോട്: അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കൈക്കൂലി നല്‍കേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് മന്ത്രി മഞ്ഞളാം കുഴി അലി. വിജിലന്റ്‌സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 73, 74 ഭേദഗതി പ്രകാരം അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയെങ്കിലും അടിത്തട്ടിലേക്കെത്തുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഓഫീസില്‍ നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മന്ത്രി സഭാകാലത്തെ പല അപേക്ഷകളും തനിക്കിപ്പോഴും ലഭിക്കാറുണ്ട്. ഈ രീതി മാറേണ്ടതുണ്ട്. വൈകി ലഭിക്കുന്നതൂം നീതി നിഷേധത്തിന് തുല്യമാണ്. കരാര്‍ നടപടികള്‍ സുതാര്യമാക്കാന്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ ടെന്‍ഡര്‍ പോലും ചിലര്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ പൊതു ശത്രുവായ അഴിമതി ഇല്ലാതാക്കാമെന്നും അലി പറഞ്ഞു.
മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ ഉത്തരമേഖല എസ് പി സി ടി ടോം പ്രസംഗിച്ചു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി കെ കെ അബ്ദുല്‍ ഹമീദ്, വിജിലന്‍സ് എ എല്‍ എമാരായ ഒ ശശി, സി പി സുരാജ്, കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറി പി സുധാകരന്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസര്‍ കെ പി ഹരി, ഉത്തരമേഖല വിജിലന്‍സ് ഡിവൈ എസ് പി വി ജി കുഞ്ഞന്‍, എം സി ദേവസ്യ പ്രസംഗിച്ചു.

Latest