‘കാക്കി’ കര്‍ഷകരുടെ വിളവെടുപ്പില്‍ നൂറുമേനി

Posted on: November 18, 2014 9:32 am | Last updated: November 18, 2014 at 9:32 am

കൊയിലാണ്ടി: കാക്കി വേഷം കാര്‍ഷിക വൃത്തിക്ക് തടസ്സമല്ലെന്ന് കൊയിലാണ്ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യം. സ്റ്റേഷന്‍ വളപ്പിലെ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിത്തിറക്കിയപ്പോള്‍ കൊയ്തത് മാതൃകയുടെ വിളവെടുപ്പ്.
വീണുകിട്ടുന്ന ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധയിനം പച്ചക്കറിയും നേന്ത്രവാഴയുമാണ് കൃഷി ചെയ്തത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. വിളവെടുത്ത പഴങ്ങളും പച്ചക്കറികളും സ്റ്റേഷന്‍ മെസ്സില്‍ ഉപയോഗിക്കാനാണ് തീരുമാനം.
വിളവെടുപ്പ് ഉത്സവം സി ഐ ആര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു.എസ് ഐ സുകുമാരന്‍, പി പി മോഹനകൃഷ്ണന്‍, എം പി ശ്യാം, സന്തോഷ് മമ്പാട്ട്, സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റേഷനിലെ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും ഉപയോഗപ്പെടുത്തി കൃഷി തുടരാനാണ് ‘കാക്കി’ കര്‍ഷകരുടെ തീരുമാനം.