ആര്‍ ജെ ഡിയും ജനതാദ(യു)വും ലയിക്കുന്നു

Posted on: November 18, 2014 12:14 am | Last updated: November 18, 2014 at 12:14 am

RJD CHIEF LALU PRASAD AND JD(U) SENIOR LEADER NITISH KUMARപറ്റ്‌ന: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ഭരണകക്ഷിയായ ജനതാദള്‍ യുവും ലയിക്കുന്നു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത്. ബീഹാര്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഈ ദശകത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ലയനത്തെ വിലയിരുത്തുന്നത്. നാല് മാസം മുമ്പ് ജനതാദള്‍ യു, ആര്‍ ജെ ഡി, ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബീഹാറില്‍ ജനതാദള്‍ യുവും ആര്‍ ജെ ഡിയും ലയിക്കാന്‍ തീരുമാനമെടുത്തത്. മതേതരശക്തികളെ ശക്തിപ്പെടുത്തുകയാണ് ലയനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ജനതാദള്‍ യു നേതാവ് വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് തങ്ങള്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമായി മത്സരിക്കുകയാണെങ്കില്‍ സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്ന് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ജനതാദള്‍ യുവിന് നിലവില്‍ സംസ്ഥാന നിയമസഭയില്‍ 118 അംഗങ്ങളാണുള്ളത്. ആര്‍ ജെ ഡിക്ക് 23 അംഗങ്ങളാണുള്ളത്. സഖ്യം മാത്രമായാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി ഇരുപാര്‍ട്ടികളും കൂടുതല്‍ സീറ്റിന് അവകാശമുന്നയിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രണ്ട് പാര്‍ട്ടികളും ഒന്നിക്കുന്നതോടെ ഈ പ്രശ്‌നം ഇല്ലാതാകും. ആഗസ്റ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതില്‍ പത്ത് സീറ്റില്‍ ആറും കോണ്‍ഗ്രസ് വിജയിച്ചു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ആദ്യമായി വേദി പങ്കിട്ടത് ഈ പ്രചാരണത്തിനിടയിലാണ്. 1991 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് നിതീഷ് കുമാറും ലാലുപ്രസാദ് യാദവും അവസാനമായി ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ മതേതര നിര അനിവാര്യമാണെന്ന് പ്രചാരണത്തിനിടെ ഇരുനേതാക്കളും വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരിതാപകരമായ പ്രകടനത്തെ തുടര്‍ന്നാണ് മേയില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദമൊഴിഞ്ഞത്. മോദിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണമത്രയും. അധികാരത്തിലെത്തി നൂറ് ദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം തിരികെയെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം ചീറ്റിപ്പോയെന്ന് നിതീഷ് കുമാര്‍ ആരോപിച്ചു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജനതാദള്‍ യു ബി ജെ പിയുമായുള്ള 17 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചത്.