ഭൂമിയുടെ ന്യായവില:അമ്പത് ശതമാനം വര്‍ധന പ്രാബല്യത്തില്‍

Posted on: November 18, 2014 5:04 am | Last updated: November 18, 2014 at 12:06 am

real estateതിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയതോടെ ഭൂമിയുടെ ന്യായവിലയില്‍ അമ്പത് ശതമാനം വര്‍ധന പ്രാബല്യത്തില്‍ വന്നു.

ന്യായവില നിശ്ചയിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട 421 അപ്പീലുകളില്‍ ജില്ലാ കലക്ടര്‍മാരെടുത്ത തീരുമാനത്തിനെതിരെ പുനരവലോകന ഹരജി സമര്‍പ്പിക്കാന്‍ പുതുതായി അവസരം നല്‍കിക്കൊണ്ട് കേരള മുദ്രപത്ര നിയമം (കേരള സ്റ്റാമ്പ് ആക്ട്- 1959) ഭേദഗതി ചെയ്ത് ഗവര്‍ണര്‍ ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചിട്ടുണ്ട്.
വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും വിലപിടിപ്പുള്ള ഭൂമി എറണാകുളത്താണ്. ന്യായവിലയില്‍ മാറ്റം വന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ നിരക്കുകളും കൂടും. ഇതുവഴി പ്രതി മാസം പത്തൊമ്പത് കോടി രൂപ അധികമായി ഖജനാവില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഇടപ്പള്ളിയില്‍ വാണിജ്യാവശ്യത്തിനുള്ള ഭൂമിക്ക് രണ്ടര സെന്റിന് വില 24 ലക്ഷം രൂപയാണ്. എം ജി റോഡില്‍ ഇത് 23.94 ലക്ഷമാകും. സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള ഭൂമിയാണ് ഇവ. ഒരു സെന്റ് ഭൂമിക്ക് ഒരു ലക്ഷം രൂപയാണെങ്കില്‍ അത് കൈമാറ്റം ചെയ്യുമ്പോള്‍ ഒന്നര ലക്ഷമായി കണക്കാക്കിയാണ് രജിസ്‌ട്രേഷന്‍ നിരക്കുകള്‍ നിശ്ചയിക്കുക. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ നിരക്കുകളിലെ വര്‍ധനയില്‍ നിന്ന് നാനൂറ് കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ബാധ്യതയും ഗണ്യമായി കൂടും.
അതേസമയം, ബന്ധുക്കള്‍ തമ്മിലുള്ള ഭൂമികൈമാറ്റ നികുതി കൂടിയത് നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് ഇളവുകള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. ധനകാര്യ ഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആലോചന. ന്യായവില സംബന്ധിച്ച വിശദാംശങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.