രാവിലെ പൊട്ടിത്തെറി; പിന്നെ ഒത്തുതീര്‍പ്പ്

Posted on: November 18, 2014 5:28 am | Last updated: November 17, 2014 at 11:30 pm

PINARAYI+PANNYAN_-dih1തിരുവനന്തപുരം: മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കും വിധം പ്രസ്താവനകള്‍ നടത്തിയെന്ന് സി പി ഐക്കെതിരെ എല്‍ ഡി എഫ് യോഗത്തില്‍ വിമര്‍ശം. പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സി പി ഐയുടെ വിശദീകരണവും. യോഗത്തിന് പുറപ്പെടുന്നതിന് മുമ്പ് സി പി എമ്മിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പന്ന്യന്‍ രവീന്ദ്രന്റെ വാര്‍ത്താസമ്മേളനം. ഇടത് രാഷ്ട്രീയത്തെ സംഭവബഹുലമാക്കിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച് നീങ്ങാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.
വി എസ് അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ച മുന്നണി യോഗത്തിലെ ആദ്യ ചര്‍ച്ച തന്നെ നേതാക്കള്‍ നടത്തുന്ന വിഴുപ്പലക്കലിനെക്കുറിച്ചായിരുന്നു. മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അജന്‍ഡ വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ വേണമെന്ന ആവശ്യം സി പി ഐ മുന്നോട്ടുവെച്ചു. അതിനുള്ള ചര്‍ച്ചകള്‍ക്കാണ് യോഗമെന്നും മുന്നണിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുള്ള പ്രസ്താവനകള്‍ ഏത് സാഹചര്യത്തിലാണുണ്ടായതെന്ന് പരിശോധിക്കണമെന്നും വൈക്കംവിശ്വന്‍ നിര്‍ദേശിച്ചു. എല്‍ ഡി എഫ് നടത്തിയ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്ന വിമര്‍ശം മുന്നണിയുടെ പ്രതിച്ഛായക്ക് വലിയ രീതിയില്‍ കളങ്കംവരുത്തിയെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. ഏത് പാര്‍ട്ടിയെ ഉദ്ദേശിച്ചാണെങ്കിലും മുന്നണിയുടെ മൊത്തത്തിലുള്ള വിശ്വാസ്യതയെ തകര്‍ക്കാന്‍ മാത്രമെ ഇത് സഹായിക്കൂവെന്ന് ഘടകകക്ഷിനേതാക്കള്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിയെയൊ മുന്നണിയെയൊ ഉദ്ദേശിച്ചില്ലെന്നും സി പി ഐയുടെ നിലപാടല്ല പറഞ്ഞതെന്നും യോഗത്തിലുണ്ടായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ വിശദീകരിച്ചു. എല്‍ ഡി എഫ് നടത്തിയ സമരങ്ങളൊന്നും ക്ലച്ച് പിടിക്കുന്നില്ലെന്ന പൊതുവികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അഡ്ജസ്റ്റ്‌മെന്റ് സമരമാണ് നടത്തുന്നതെന്ന വിമര്‍ശം ജനങ്ങള്‍ക്കിടയിലുണ്ടെന്നാണ് ഉദ്ദേശിച്ചത്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എല്‍ ഡി എഫ് യോഗം വിളിക്കാന്‍ വൈകിയത് ഇങ്ങിനെയൊരു പ്രചാരണത്തിന് ആക്കംകൂട്ടിയതായും പന്ന്യന്‍ പറഞ്ഞു. യോഗം വിളിക്കാന്‍ കാലതാമസം വന്നതിന്റെ കാരണങ്ങള്‍ കണ്‍വീനര്‍ വിശദീകരിച്ചു. താന്‍ അസുഖ ബാധിതനായതും ഘടകകക്ഷി നേതാക്കളുടെ അസൗകര്യവുമാണ് കാരണം. എം വി ആറിന്റെ നിര്യാണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തിയതിയും മാറ്റേണ്ടി വന്നതായും അദ്ദേഹം വിശ ദീകരിച്ചു. അഡ്ജസ്റ്റ്‌മെന്റ് സമരത്തെ ചൊല്ലിയുള്ള വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നായിരുന്നു മുന്നണി യോഗത്തിലെ പൊതുആവശ്യം. കൃത്യമായ ആശയവിനിമയം നടത്തി കാലതാമസമില്ലാതെ ഇനിമുതല്‍ യോഗം ചേരാനും തീരുമാനിച്ചു. വീഴ്ചകള്‍ ഒഴിവാക്കി ഒന്നിച്ച് നീങ്ങാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം വൈക്കംവിശ്വന്‍ പറഞ്ഞു. ഒരു സമരവും അഡ്ജസ്റ്റന്റ്‌മെന്റായിരുന്നില്ല. ജനങ്ങള്‍ക്ക് അങ്ങിനെ തോന്നാന്‍ ഇടവന്നുവെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. സമരങ്ങള്‍ അവസാനിപ്പിക്കുമ്പോഴെല്ലാം അതിന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികമാണ്. എല്ലാസമരവും വിജയിക്കണമെന്നുമില്ല. സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രധാനം. അതിന്റെ പ്രസക്തി നഷ്ടപെടുന്നില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകും. പൊതുവായി എല്‍ ഡി എഫ് നിലപാടിനൊപ്പമായിരിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. രാവിലെ യോഗത്തിന് പുറപ്പെടും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സി പി എമ്മിനും പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശമാണ് പന്ന്യന്‍ രവീന്ദ്രന്‍ നടത്തിയത്. ഇത്തരം സംവാദങ്ങള്‍ തുടരുമെന്ന സൂചന നല്‍കിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.