ഇടതുമുന്നണി ഏച്ചുകെട്ടിയ മുന്നണി: വി എം സുധീരന്‍

Posted on: November 18, 2014 12:59 am | Last updated: November 17, 2014 at 10:59 pm

പാലക്കാട്: ഏച്ചുകെട്ടിയ മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. പാലക്കാട് നിയോജകമണ്ഡലത്തിലെ മഞ്ഞക്കുളത്ത് ജനപക്ഷയാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിന്റെ യജമാനത്വ മനോഭാവം അംഗീകരിക്കാന്‍ മനസ്സില്ലെന്ന സി പി ഐയുടെ നടപടി അഭിനന്ദനീയമാണ്. ഇടതുമുന്നണിയുടെ തകര്‍ച്ച യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്, ബാര്‍ ഉടമകളുടെ ആരോപണത്തെ തുടര്‍ന്ന് ആദ്യം സി പി എമ്മും സി പി ഐയും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്നു. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും പരസ്പരം പോരടിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞദിവസം വരെ കണ്ടത്. എന്നാല്‍ പിന്നീട് ഇരുവരും കൈകോര്‍ത്ത് യോജിച്ച സമരം നടത്തുമെന്നാണ് ഏറ്റവും ഒടുവിലായി പറയുന്നത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ യോജിച്ച സമരവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ ആവിഷ്‌ക്കരിച്ച ഇപ്പോഴത്തെ സമരവും ജനപിന്തുണയില്ലാതെ പരാജയപ്പെടും. സര്‍ക്കാര്‍ മദ്യനയവുമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.