International
പാക് - യു എസ് സൈനിക മേധാവികള്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ആസ്റ്റിനും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പാക് സൈനിക മേധാവി. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണത്തിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ജനറല്‍ റഹീല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികള്‍ പരസ്പരം ചര്‍ച്ച നടത്തി. ഇതിന് പുറമെ വടക്കന്‍ വസീറിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തെ കുറിച്ചും ഇതിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന സൈനിക നടപടികളെ കുറിച്ചും ചര്‍ച്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികള്‍ക്കെതിരെ പാക് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികളെ അമേരിക്കന്‍ സൈനിക മേധാവി അഭിനന്ദിച്ചു. പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരതക്കെതിരെയുള്ള പാക് വിജയവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. യു എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുടെ ഉന്നത സൈനിക മേധാവി മാര്‍ട്ടിന്‍ ഡെംപ്‌സിയുമായും അമേരിക്കയുടെ പ്രതിരോധ ഉദ്യോഗസ്ഥരുമായും ജനറല്‍ റഹീല്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക് സൈനിക മേധാവിയോടൊപ്പം മിലിറ്ററി ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍, ഐ എസ് ഐ മേധാവി മേജര്‍ ജനറല്‍ റിസ്‌വാന്‍ അക്തര്‍ എന്നിവരും അനുഗമിക്കുന്നുണ്ട്.



