എം ഇ എസിന്റെ ഇസ്‌ലാം വിമര്‍ശം അപലപനീയം: എസ് എസ് എഫ്

Posted on: November 17, 2014 11:00 pm | Last updated: November 17, 2014 at 11:00 pm

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍ വിദ്യാഭ്യാസത്തിന്റെയും മതത്തിന്റെയും മൗലിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിക വിശ്വാസ സംഹിതക്ക് നേരെ വിമര്‍ശമുന്നയിക്കുന്നത് അപലപനീയമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന്റെ അളവുകോല്‍ ഉപയോഗിച്ച് മതകാര്യങ്ങളില്‍ അഭിപ്രായം പറയാമെന്നത് അബദ്ധ ധാരണയാണ്.
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രമാണങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വ്യാഖ്യാനിക്കാനും ആധികാരികമായി അഭിപ്രായ പ്രകടനം നടത്താനും ഇസ്‌ലാമിക വിജ്ഞാനത്തില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ കേരളത്തിലുണ്ട്. പണ്ഡിതോചിതം വിശദീകരിക്കപ്പെടേണ്ട ഹിജാബ് പോലുള്ള ഇസ്‌ലാമിക മര്യാദകളെ പുച്ഛിച്ച് തള്ളുന്ന എം ഇ എസ് നേതാവിന്റെ പ്രസ്താവന മതവിഷയങ്ങളില്‍ അദ്ദേഹം എത്രമേല്‍ അജ്ഞനാണെന്ന് വെളിപ്പെടുത്തുന്നതാണ്.
കേരളീയ മുസ്‌ലിം സമുദായത്തിനകത്ത് നശീകരണ ബുദ്ധിയോടെ രൂപപ്പെട്ട മതപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചുവട് പിടിച്ച് പിറവിയെടുത്ത ഒരു വിദ്യാഭ്യാസ സംഘടന മാത്രമാണ് എം ഇ എസ്. മതവ്യവഹാരങ്ങളില്‍ ഇടപെടാന്‍ എം ഇ എസിനെയും അതിന്റെ നേതാക്കളെയും ആരും ഉത്തരവാദപ്പെടുത്തിയിട്ടില്ല. പുരോഗമന പ്രസ്ഥാനമെന്ന ലേബലില്‍ അറിയപ്പെടാനുള്ള ദുര്‍മോഹമാണ് ഇത്തരം അബദ്ധ പ്രസ്താവനകള്‍ എഴുന്നള്ളിക്കുന്നതിന്റെ പ്രേരകമെങ്കില്‍ അതിലെ അല്‍പ്പത്തം തിരിച്ചറിയാന്‍ കേരളീയ മുസ്‌ലിം സമൂഹം ഭൗദ്ധികമായി ഉണര്‍വ്വ് നേടിയുട്ടുണ്ട്.
കേരളത്തിലെ സമുദായം ആര്‍ജിച്ചെടുത്ത സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയുടെ കാരണക്കാര്‍ തങ്ങളാണെന്ന മട്ടില്‍ വാചാടോപങ്ങളില്‍ ഏര്‍പ്പെടുന്നത് ചരിത്ര നിഷേധമാണെന്നും എസ് എസ് എഫ് ചൂണ്ടിക്കാട്ടി.