ബാര്‍ കോഴ: എല്‍ ഡി എഫ് നിയമ നടപടി സ്വീകരിക്കും

Posted on: November 17, 2014 5:18 pm | Last updated: November 17, 2014 at 11:18 pm

ldf 002തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് കൃത്യമായി പറയാതെയാകും ഹരജി നല്‍കുക. അന്വേഷണ ഏജന്‍സിയുടെ കാര്യത്തില്‍ സി പി എമ്മിനും സി പി ഐക്കും വ്യത്യസ്ത നിലപാടുള്ളതിനാലാണ് ഏത് അന്വേഷണം വേണമെന്ന് നിര്‍വചിക്കാതെ കോടതിയെ സമീപിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേഷണം വേണമെന്ന് സി പി എമ്മും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി പി ഐയും നേരത്തെ ആവശ്യപ്പെട്ടതാണ്. രണ്ട് പാര്‍ട്ടികളും പറഞ്ഞ അന്വേഷണമല്ല, ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും ഹരജിയില്‍ ഇത് രണ്ടും ഉള്‍ക്കൊള്ളുമെന്നും യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും ഇടപെടലുകളും അന്വേഷിക്കണം. ഇരുവരുടെയും ഇടപെടലുകള്‍ സംശയകരമാണ്. മന്ത്രിസഭയില്‍ ബാര്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം മാറ്റിവെക്കാനിടയായത് ഇത്തരം വസ്തുതകള്‍ ശരിവെക്കുന്നതാണ്. ആരോപണത്തില്‍ ഉള്‍പ്പെട്ട ധനമന്ത്രി മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കും. ഈ മാസം 25ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
കോഴ ഇടപാടിലൂടെ സമാഹരിച്ചതിന്റെ ഒരു ശതമാനത്തില്‍ത്താഴെ സംഖ്യയുടെ വിശദാംശം മാത്രമാണ് മദ്യ വ്യാപാരി പുറത്തുവിട്ടിരിക്കുന്നത്. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുക. അന്വേഷണരീതി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണമാണോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണമാണോ ആവശ്യപ്പെടുകയെന്ന ചോദ്യത്തിന്, ഇത് രണ്ടുമല്ലെന്നും ഇതിന്റെ ഉള്ളടക്കമുണ്ടാകുമെന്നുമായിരുന്നു വൈക്കം വിശ്വന്റെ മറുപടി. ജുഡീഷ്യല്‍ അന്വേഷണത്തിലും കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും ചില പ്രശ്‌നങ്ങളുണ്ട്. അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.