കത്തി മുനയില്‍ കവര്‍ച്ച: മൂന്നു പേര്‍ അറസ്റ്റില്‍

Posted on: November 17, 2014 4:20 pm | Last updated: November 17, 2014 at 4:20 pm

ദുബൈ: കത്തി കാട്ടി ഭീഷണിപ്പെടുത്തി റഷ്യന്‍ യുവതിയുടെ ഫഌറ്റില്‍ നിന്നു മോഷണം നടത്തിയ കേസില്‍ മൂന്നു അര്‍മീനിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘം ഇത്തരത്തില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ മാസം 31ന് ആയിരുന്നു ദുബൈ പോലീസിന്റെ ഓപറേഷന്‍സ് റൂമില്‍ മോഷണം നടത്തിയതായി വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസിനോട് അപരിചിതരായ മൂന്നു പേര്‍ 12ാം നിലയിലെ തന്റെ ഫഌറ്റിലേക്ക് കത്തിയുമായി അതിക്രമിച്ചു വന്നതായും മോഷണം നടത്തിയതായും യുവതി വ്യക്തമാക്കുകയായിരുന്നു.
മുറിയില്‍ സൂക്ഷിച്ച ലോക്കറിന്റെ പിന്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഭയന്ന താന്‍ പിന്‍ നമ്പര്‍ നല്‍കിയെന്നും ലോക്കറില്‍ സൂക്ഷിച്ച 1,200 ദിര്‍ഹവും മൊബൈല്‍ ഫോണും സംഘം കവര്‍ച്ച നടത്തിയെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിരുന്നു. യുവതിയില്‍ നിന്നു മൊഴിയെടുത്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. 29, 30, 32 വയസുള്ളവരാണ് പിടിയിലായ പ്രതികള്‍. പ്രതികള്‍ താമസിച്ച റഫ മേഖലയിലെ ഹോട്ടലിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവരില്‍ നിന്നു പോലീസ് മോഷണ മുതലുകളും കണ്ടെടുത്തു. പ്രതികളെ പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.