പച്ചത്തേയില വില ഇടിയുന്നു; ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്

Posted on: November 17, 2014 1:20 pm | Last updated: November 17, 2014 at 1:20 pm

tea plantationകല്‍പ്പറ്റ: വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കൊളുന്ത് നുള്ളല്‍ നിര്‍ത്തി. വിളവെടുപ്പിന്റെ കൂലിപോലും കിട്ടാത്തതിനാലാണ് കൊളുന്ത് നുള്ളല്‍ നിര്‍ത്തിയത്. ഇതോടെ ജില്ലയിലെ പതിനായിരത്തോളം തേയില കര്‍ഷകരാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസം കിലോക്ക് എട്ട് രൂപയുണ്ടായിരുന്ന പച്ച തേയിലയുടെ വില ഈ മാസം രണ്ട് രൂപകൂടി ഇടിഞ്ഞ് ആറായി. തേയില കൃഷികൊണ്ട് മാത്രം ഉപജീവനം നടത്തുന്ന നിരവധി കര്‍ഷകര്‍ ജില്ലയിലുണ്ട്. ജില്ലയിലെ കര്‍ഷകരില്‍ ഭൂരിഭാഗവും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ കൃഷി ചെയ്യുന്ന ചെറുകിടക്കാരാണ്. നിരവധിപേര്‍ കൃഷി ഉപേക്ഷിച്ചു. വിലയിടിവിനെ തുടര്‍ന്ന് മാസങ്ങളായി പ്രതിസന്ധിയിലായ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം പച്ചതേയിലക്ക് 15 രൂപവരെ വിലയുണ്ടായിരുന്നു.മാനന്തവാടി താലൂക്കിലാണ് ജില്ലയില്‍ കൂടുതല്‍ തേയില കര്‍ഷകരുള്ളത്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം കര്‍ഷകരുണ്ട്.
പേര്യ, ആലാറ്റില്‍, ഇരുമനത്തൂര്‍, വാളാട് തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് കര്‍ഷകരാള്ളുത്. ഇവരില്‍ അധികംപേര്‍ക്കും തേയില കൃഷി മാത്രമേയുള്ളൂ. മറ്റ് കൃഷികള്‍ ഉപേക്ഷിച്ചാണ് ഇവര്‍ തേയില കൃഷിചെയ്തത്. പച്ചതേയിലയുടെ വിലയിടിഞ്ഞതോടെ ഇവരുടെ ജീവിതം വഴിമുട്ടി.
സാമ്പത്തിക പ്രതിസന്ധിയില്‍ പലര്‍ക്കും മക്കളെ സ്‌കൂളില്‍ അയക്കാന്‍പോലും സാധിക്കുന്നില്ല. നൂല്‍പ്പുഴ പഞ്ചായത്തിലും നിരവധി കര്‍ഷകരുണ്ട്. ചായപ്പൊടിയുടെ ലേലവില കുറഞ്ഞതാണ് കൊളുന്തിന്റെ വിലയിടിവിന് കാരണമായി ഫാക്ടറി ഉടമകള്‍ പറയുന്നത്. കൊച്ചിയില്‍ ടീബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ലേലത്തില്‍ 6070 രൂപവരെയാണ് ഇപ്പോള്‍ ഒരുകിലോ പൊടിക്ക് ലഭിക്കുന്നത്. എന്നാല്‍ പൊതുവിപണിയില്‍ ചായപ്പൊടിയുടെ വില ഉയര്‍ന്നുതന്നെ. സാധാരണ പൊടിക്ക് കിലോ 200 രൂപയാണ്. വന്‍കിട തോട്ടം ഉടമകളും ഫാക്ടറി ഉടമകളും ഇടത്തട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. കര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടും ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികളുമില്ല. കൊളുന്തിന് എട്ട് രൂപയില്‍ താഴെ വില വന്നാല്‍ കര്‍ഷകര്‍ക്ക് കിലോ രണ്ടുരൂപ തോതില്‍ സബ്‌സിഡി നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനവും ടീ ബോര്‍ഡ് അട്ടിമറിച്ചു. 2002ല്‍ നഷ്ടത്തിലായ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നു. തേയില കൊളുന്തുകള്‍ക്കൊപ്പം ജീവിതം തളിര്‍ക്കുകയും കരിയുകയും ചെയ്യുന്നവരാണ് ജില്ലയിലെ ചെറുകിട കര്‍ഷകര്‍.
സര്‍ക്കാരില്‍നിന്നും കാര്യമായ സഹായങ്ങളൊന്നുമില്ലാതെയാണ് കൃഷി ചെയ്യുന്നത്. കൊളുന്തിന് കിലോയ്ക്ക് കുറഞ്ഞത് 15 രൂപയെങ്കിലും ലഭിച്ചാലെ പിടിച്ചുനില്‍ക്കാനാവൂ. കൊളുന്ത് നുള്ളുന്നവര്‍ക്ക് 300 രൂപയാണ് ദിവസക്കൂലി.
ചപ്പ് ഉണ്ടെങ്കില്‍ ദിവസം ശരാശരി 30 കിലോ കൊളുന്താണ് നുള്ളുക. വര്‍ഷത്തില്‍ നാലുപ്രാവശ്യമെങ്കിലും രാസവളം ഇടണം. വളത്തിന്റെ വര്‍ധിച്ചവില കര്‍ഷകരുടെ നടുവൊടിക്കുന്നതാണ്. 15 ദിവസം ഇടവിട്ട് കീടനാശിനി പ്രയോഗിച്ചാലെ കേട് കൂടാതെ കൊളുന്ത് ലഭിക്കൂ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട തേയില കര്‍ഷകരുള്ള ജില്ലകളിലൊന്നാണ് വയനാട്. വില 10 രൂപയില്‍ താഴെ പോയതുമുതല്‍ പല കര്‍ഷകരും കൊളുന്ത് നുള്ളല്‍ നിര്‍ത്തിയിരുന്നു. ആറ് രൂപയായതോടെ പകുതിയോളം കര്‍ഷകര്‍ കൊളുന്ത് നുള്ളുന്നില്ല. ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലും കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പ്രധാന തേയില ഉല്‍പ്പാദന കേന്ദ്രമായ ഗൂഡല്ലൂരില്‍ 65,000 ഓളം ചെറുകിട തേയില കര്‍ഷകരുണ്ട്. തേയിലക്ക് 30 രൂപ തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നീലഗിരിയില്‍ മാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്.