Connect with us

Palakkad

250 ഹെക്ടറില്‍ കൂടി തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും

Published

|

Last Updated

പാലക്കാട്:ക്ഷീര വികസന വകുപ്പ് ജില്ലയില്‍ 2014-15 വര്‍ഷത്തില്‍ 250 ഹെക്ടറില്‍ കൂടി തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും.
ജില്ലയിലേക്കാവശ്യമായതില്‍ 40% മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ 1200 ഹെക്ടര്‍ സ്ഥലത്താണു തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്. ഇതില്‍ 550 ഹെക്ടറോളംചിറ്റൂരില്‍ ബ്ലോക്കിലാണ്.
സംസ്ഥാനത്തു കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ബ്ലോക്കു കൂടിയാണു ചിറ്റൂര്‍ ബ്ലോക്ക്. കൃഷിക്കാരനു ലഭിക്കുന്ന വിലയുടെ 85 ശതമാനവും കന്നുകാലികളുടെ തീറ്റയ്ക്കു വേണ്ടി കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആവശ്യത്തിനു തീറ്റപ്പുല്‍ കൃഷി ചെയ്യുകയാണെങ്കില്‍ ചെലവില്‍ 20 ശതമാനത്തിലേറെ കുറവു വരുത്താന്‍ കഴിയും.
ചിറ്റൂര്‍ മേഖലയില്‍ നിന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ആനകള്‍ക്കു തീറ്റയായും ഇവ കൊണ്ടു പോകുന്നു. കൊല്ലങ്കോട്, ആലത്തൂര്‍, അട്ടപ്പാടി ബ്ലോക്കുകളിലും പുല്‍ക്കൃഷി വ്യാപകമാണ്. മറ്റു ബ്ലോക്കുകളില്‍ താരതമ്യേന ഇത്തരം കൃഷി കുറവാണ്. ഈ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണു വകുപ്പിന്റെ ലക്ഷ്യം.
ക്ഷീരകര്‍ഷകര്‍ക്കു തീറ്റപ്പുല്‍ കൃഷി നടത്താന്‍ വകുപ്പ് സബ്‌സിഡിയും നല്‍കും. ഒരു സെന്റ് ഭൂമിയില്‍ 60 തീറ്റപ്പുല്‍ കടകള്‍ നടാം.
നടീല്‍ വസ്തുക്കളും തീറ്റപ്പുല്‍ കടകളും വകുപ്പ് മുഖേന ലഭിക്കും.
ഒരോ ബ്ലോക്കുതലങ്ങളിലുമുള്ള പ്രത്യേക സംഘങ്ങള്‍ വഴി അപേക്ഷയും തിരഞ്ഞെടുപ്പും നടക്കും.
തീറ്റപ്പുല്‍ കൃഷി കൂടാതെ ജില്ലയില്‍ 250 ക്ഷീരകര്‍ഷകര്‍ അസോളകൃഷി ചെയ്യുന്നു.
കന്നുകാലികള്‍ക്കുള്ള തീറ്റയ്ക്കായി അഗതി, ശീമക്കൊന്ന തുടങ്ങിയവ 30 ഹെക്ടറോളം സ്ഥലത്തു വൃക്ഷവിളകളായി കൃഷി ചെയ്യുന്നുണ്ട്.
പശുവളര്‍ത്തലില്‍ തീറ്റപ്പുല്‍ കൃഷിയുടെ പ്രധാന്യം ഉറപ്പാക്കാനും തീറ്റച്ചെലവു കുറച്ച് ക്ഷീരോല്‍പാദനം കൂടുതല്‍ ലാഭകരമാക്കുകയുമാണു പ്രധാന ലക്ഷ്യം.