Connect with us

Kozhikode

ജപ്തിയൊഴിവാക്കാന്‍ ഒരു ചിത്രപ്രദര്‍ശനം

Published

|

Last Updated

കോഴിക്കോട്: ജപ്തിയൊഴിവാക്കാന്‍ ചിത്രപ്രദര്‍ശനം നടത്തുകയാണ് പാരീസ് മോഹന്‍കുമാര്‍ എന്ന പ്രശസ്ത ചിത്രകാരന്‍. ബ്ലേഡ് മാഫിയയുടെ കുരുക്കില്‍പ്പെട്ട മോഹന്‍കുമാര്‍ പണം സമാഹരിക്കാന്‍ വേണ്ടിയാണ് പ്രദര്‍ശനം നടത്തുന്നത്.
ഇദ്ദേഹം വര്‍ഷങ്ങളായി സഞ്ചരിക്കുന്നത് ഇന്ത്യന്‍ ഗ്രാമീണ ജീവിതങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ചിത്രങ്ങളിലെ പ്രധാന വിഷയങ്ങള്‍ പ്രകൃതിയും സ്ത്രീയുമാണ്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിലാണ് ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യം പ്രകടമാക്കുന്നത്. മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങളുടെ വില്‍പനയിലൂടെ പത്ത് ലക്ഷം രൂപ സമാഹരിക്കാനാണ് ചിത്രകാരന്റെ ഉദ്ദേശ്യം. ഇരുപത് ലക്ഷത്തോളം മൂല്യം വരുന്ന ചിത്രങ്ങളാണ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. അഞ്ച് ദിവസമാണ് പ്രദര്‍ശനം.
ഗ്രാമങ്ങളിലെ അയല്‍ വീട്ടുകാര്‍ തമ്മിലുള്ള സ്‌നേഹാന്വേഷണത്തെ പൂച്ചയും അയല്‍ക്കാരും എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കരിമ്പനകളുടെ നാടായ പാലക്കാട്ടെ പ്രകൃതി ദൃശ്യവും ചിത്രത്തിലുണ്ട്. കീടനാശിനി ഉപയോഗിക്കുന്നവരോടും പ്രകൃതിയിലെ ജീവജാലങ്ങളെ നശിപ്പിക്കുന്നവരോടുമുള്ള കലഹം മോഹന്‍കുമാറിന്റെ ചിത്രങ്ങളില്‍ പ്രതിധ്വനിക്കുന്നു. പ്രകൃതിയെ നോവിപ്പിക്കുന്ന കരിങ്കല്‍ ഖനനത്തെ കുറിച്ചുള്ള പ്രതിഷേധം ചിത്രങ്ങളില്‍ പ്രകടമാണ്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ചിത്രകാരനെന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്. മണ്ണിനും മനസ്സിനും മുറിവേല്‍പ്പിക്കാത്ത ജൈവകൃഷിയുടെ താളമാണ് ഗ്രാമീണര്‍ക്ക് മോഹന്‍കുമാര്‍ വരച്ചു നല്‍കിയത്. അദ്ദേഹത്തിന്റെ സ്വന്തം കൈയൊപ്പുള്ള ചിത്രങ്ങളോട് താത്പര്യമുള്ള നിരവധി പേരുണ്ട്. പ്രകൃതിയും സ്ത്രീയും എന്ന പേരില്‍ മുന്നൂറോളം ചിത്രങ്ങള്‍ മോഹന്‍കുമാര്‍ ദേശവ്യാപകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെടുന്ന സ്ത്രീയും പ്രകൃതിയും ഒരേപോലെയാണെന്ന് ചിത്രകാരന്‍ പറയുന്നു. രണ്ടും ഒരുപോലെ ചൂഷണത്തിനിരയാകുന്നു. പ്രദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ ഒരു ലക്ഷം രൂപയുടെ ചിത്രങ്ങള്‍ വിറ്റുപോയിരുന്നു. സൃഹുത്തുകളെ സഹായിക്കാന്‍ വേണ്ടി മനസ്സു കാണിച്ചതാണ് ഇദ്ദേഹത്തെ കടക്കെണിയിലാക്കിയത്. രണ്ട് സുഹൃത്തുകള്‍ കടക്കെണിയില്‍പെട്ടപ്പോള്‍ രണ്ട് ചെക്ക് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തിലെ വീടും സ്വത്തും ജപ്തി ചെയ്യാനുള്ള കോടതി നടപടി വരെയെത്തി കാര്യങ്ങള്‍. താത്കാലികമായി കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും പത്ത് ലക്ഷം രൂപ ഉടന്‍ കോടതിയില്‍ കെട്ടിവെക്കണമെന്നും കോഴിക്കോട്ടെ കലാസ്വാദകര്‍ സഹായിച്ചാല്‍ കോടതിയില്‍ കെട്ടിവെക്കാനുള്ള പണം ലഭിക്കുമെന്നും പാരീസ് മോഹന്‍ കുമാര്‍ പറഞ്ഞു. പ്രദര്‍ശനം 20ന് സമാപിക്കും.