Connect with us

Gulf

അക്ഷര നഗരിയില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കുരുന്നുകള്‍

Published

|

Last Updated

ഷാര്‍ജ: അക്ഷര നഗരിയില്‍കുരുന്നുകള്‍ നിറങ്ങളില്‍ വിസ്മയം തീര്‍ത്തു. സിറാജ് സംഘടിപിച്ച വിദ്യാര്‍ഥികളുടെ ചിത്ര രചനാ മത്സരം മുപത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശ്രദ്ധേയമായി. യു എ ഇ യിലെ വിദ്യാര്‍ഥികള്‍ക്കായി പുസ്തകമേളയോടനുബന്ധിച്ച് ഒരുക്കിയ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികളാണ് പങ്കാളികളായത്. എക്‌സ്‌പൊ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളിലെ മത്സര വേദിയില്‍ കരവിരുതുകളുടെ വര്‍ണാഭമായ ചലനങ്ങളാണ് പ്രകടമായത്.
വൈകുന്നേരം നാലിനാണ് മത്സരം ആരംഭിച്ചതെങ്കിലും ഷാര്‍ജ, ദുബൈ, അജ്മാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ ഇരിപ്പിടങ്ങള്‍ കണ്ടെത്തിയിരുന്നു. മത്സരത്തിന് ആവേശം പകരാന്‍ രക്ഷിതാക്കളും എത്തി. എട്ട് മുതല്‍ 12 വയസ്സു വരെയുള്ള ജൂനിയര്‍ വിഭാഗം “എന്റെ പഠനമുറി” എന്ന വിഷയത്തിലും 13 മുതല്‍ 15 വരെ പ്രായമുള്ളവര്‍ “എന്റെ ഷാര്‍ജ കാന്‍വാസില്‍” എന്ന വിഷയത്തിലുമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഷാര്‍ജയുടെ പൗരാണികത മുറ്റി നില്‍ക്കുന്ന ഇടങ്ങളെ ഒരു മണിക്കൂര്‍ കൊണ്ട് മത്സരാര്‍ഥികള്‍ കടലാസിലാക്കി. അല്‍ ഖസ്ബ, കള്‍ച്ചറല്‍ സ്‌ക്വയര്‍, ഗോള്‍ഡ് സൂഖ്, മ്യൂസിയം എന്നിവ മനോഹരമായി പകര്‍ത്തിവെച്ചു. അടുക്കിവെച്ച പഠനമുറിയാണ് ജൂനിയര്‍ രചനയില്‍ തെളിഞ്ഞത്. പുസ്തകങ്ങള്‍ക്ക് പുറമെ അലമാരയും മേശയും ഒക്കെ ഒരുക്കി ഏഴ് വയസ്സുവരെയുള്ള കൊച്ചുകലാകാരന്‍മാര്‍ മത്സര വേദിക്ക് മിഴിവേകി.
സീനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ അവര്‍ ഓണ്‍ സ്‌കൂളിലെ അഞ്ജന അജിത്ത് കുമാര്‍, അജ്മാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹിബല്‍ ഹുസൈന്‍, ദുബൈ എമിറേറ്റ്‌സ് നാഷനല്‍ സ്‌കൂളിലെ സാന്ദ്ര യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ മിസ്ഹ അന്‍വര്‍ ഒന്നാം സ്ഥാനവും ഷാര്‍ജ അവര്‍ ഓണ്‍ സ്‌കൂളിലെ മേഘ ജയകുമാര്‍ രണ്ടാം സ്ഥാനവും ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റിയാസ് അബ്ബാസ് മൂന്നാം സ്ഥാനവും നേടി. കിഡ്‌സ് വിഭാഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സബ്‌റീന അഹമ്മദ്, ഫാത്വിമ അന്‍സാര്‍, പ്രനീദ് സന്തോഷ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ബുക്‌ഫെയര്‍ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍, യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് മേധാവി കെ കെ മൊയ്തീന്‍ കോയ, അബ്ദുല്‍ ഹയ്യ് അഹ്‌സനി, ശമീര്‍ അവേലം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാസര്‍ വാണിയമ്പലം, പി സി കെ ജബ്ബാര്‍, അഹമ്മദ് ശെറിന്‍, നൗഫല്‍ കരുവഞ്ചാല്‍, ഷാര്‍ജ ആര്‍ എസ് സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Latest