വളര്‍ച്ചാ പ്രഖ്യാപനവുമായി ജി 20ക്ക് സമാപനം

Posted on: November 17, 2014 5:06 am | Last updated: November 17, 2014 at 9:00 am

The Prime Minister, Shri Narendra Modi meeting theബ്രിസ്‌ബെയിന്‍: സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തണമെന്ന ആഹ്വാനത്തോടെ ജി 20 ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിക്ക് സമാപനം കുറിച്ച് ആതിഥേയ രാഷ്ട്രമായ ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോട്ടാണ് സംയുക്ത പ്രസ്താവന പുറത്തു വിട്ടത്. ഓരോ അംഗരാജ്യവും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 2.1 ശതമാനം അധിക സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്യുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് രണ്ട് ട്രില്യണ്‍ ഡോളര്‍ അധികമായി ചേര്‍ക്കുകയാണ് ലക്ഷ്യം.
ഇതിനായി അതത് രാജ്യങ്ങള്‍ അവരവരുടേതായ പദ്ധതികള്‍ അനുവര്‍ത്തിക്കണം. മാന്ദ്യത്തില്‍ നിന്ന് കരകയറിയെങ്കിലും തൊഴിലവസരം വര്‍ധിപ്പിക്കുന്നതില്‍ മുന്നേറാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ യോജിച്ച നീക്കങ്ങള്‍ അനിവാര്യമാണ്. പത്ത് കോടി വനിതകള്‍ക്ക് പുതുതായി തൊഴിലവസരം സൃഷ്ടിക്കും. സ്വന്തം നിലയില്‍ സ്വീകരിക്കുന്ന സാമ്പത്തിക തന്ത്രങ്ങള്‍ക്ക് പുറമെ, കൂട്ടായി കൈക്കൊള്ളേണ്ട നടപടികള്‍ ആലോചിക്കാന്‍ ഫെബ്രുവരിയില്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള ധന മന്ത്രിമാര്‍ യോഗം ചേരും. സിഡ്‌നിയില്‍ ഗ്ലോബല്‍ ഇന്‍ഫ്രാക്ചര്‍ ഹബ്ബ് തുടങ്ങാനും ധാരണയായിട്ടുണ്ട്.
അഴിമതിവിരുദ്ധ കര്‍മ പദ്ധതിക്ക് ഉച്ചകോടി രൂപം നല്‍കി. നികുതി വെട്ടിക്കാനായി വ്യാജ കമ്പനികളും ട്രസ്റ്റുകളും സ്ഥാപിക്കുന്നത് തടയുകയാണ് കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക വളര്‍ച്ച സാധ്യമാകുന്ന മുറക്ക് സര്‍ക്കാറുകളുടെ നികുതി ഘടന പഴുതടച്ചതാക്കാനായി ‘ജി 20 അഴിമതിവിരുദ്ധ കര്‍മ പദ്ധതി- 2015-16’ന് അംഗീകാരം നല്‍കിയതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പരസ്പരം നിയമപരമായ സഹായങ്ങള്‍ നല്‍കുക, അംഗരാഷ്ട്രങ്ങള്‍ വിവരങ്ങള്‍ കൈമാറുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സഹകരിക്കുക തുടങ്ങിയവയാണ് കര്‍മ പദ്ധതിയുടെ ഉള്ളടക്കം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. എബോളക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും ജി 20 നേതാക്കള്‍ ആഹ്വാനം ചെയ്തു. ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരെ ശക്തമായ ആക്രമണമാണ് ഉച്ചകോടിയില്‍ ഉടനീളം നടന്നത്. റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന് തണുത്ത സ്വീകരണമാണ് ഉച്ചകോടിയുടെ വേദികളില്‍ ലഭിച്ചത്. അനുബന്ധ ചര്‍ച്ചകളിലെല്ലാം റഷ്യക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമുയര്‍ന്നതോടെ പുടിന്‍ ഇടക്ക് വെച്ച് വേദി വിട്ടു. ക്ഷീണം തോന്നിയത് കൊണ്ടാണ് വേദി വിടുന്നതെന്നായിരുന്നു വിശദീകരണം.
നികുതി വെട്ടിപ്പിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകള്‍ ഉച്ചകോടിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം നടത്തിയ ചര്‍ച്ചകളിലും പ്രസംഗങ്ങളിലും കള്ളപ്പണക്കാരെ പിടികൂടാന്‍ യോജിച്ച പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. ബഹുരാഷ്ട്ര കമ്പനികളുടെ നികുതി വെട്ടിപ്പ് തടയാന്‍ നടപടി വേണമെന്ന് സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. നികുതിപരമായ വിവരങ്ങള്‍ പരസ്പരം കൈമാറാനും അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി.