നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് പാര്‍ട്ടി വിട്ടു

Posted on: November 17, 2014 5:56 am | Last updated: November 16, 2014 at 10:58 pm

IndiaTv20c100_begശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവും ലോക്‌സഭാ മുന്‍ എം പിയുമായ മെഹ്ബൂബ് ബെഗ് ആണ് പാര്‍ട്ടി വിട്ടത്. പ്രതിപക്ഷമായ പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സിലെ പ്രമുഖ നേതാവായിരുന്ന മിര്‍സ് അഫ്‌സല്‍ ബെഗിന്റെ മകനായ മെഹ്ബൂബ് ബെഗ് ഇന്നലെ അനന്ത്‌നാഗ് ജില്ലയിലെ വസതിയില്‍ വെച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
കാശ്മീരില്‍ ബി ജെ പിയുടെ മാര്‍ച്ച് തടഞ്ഞ പി ഡി പി സ്ഥാനാര്‍ഥി മുഫ്തി മുഹമ്മദ് സയ്യിദിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പി ഡി പിയില്‍ അംഗമാകില്ലെന്നും മെഹ്ബൂബ് ബെഗ് വ്യക്തമാക്കി. അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നാണ് മുഫ്തി മുഹമ്മദ് സയ്യിദ് ജനവിധി തേടുന്നത്. ഡിസംബര്‍ പതിനാലിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.
ഉമര്‍ അബ്ദുല്ല മന്ത്രിസഭയിലെ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ബെഗ്, മന്ത്രിമാര്‍ അവരുടെ മണ്ഡലങ്ങളെ കുറിച്ച് മാത്രമാണ് ആകുലപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് അബ്ദുല്ലയുടെ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു ബെഗ്.