നബാര്‍ഡില്‍ നിന്ന് ഫണ്ടില്ല; സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പകള്‍ വ്യാപകമായി കുറച്ചു

Posted on: November 17, 2014 5:52 am | Last updated: November 16, 2014 at 10:54 pm

nabardപാലക്കാട്: സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പകള്‍ വ്യാപകമായി കുറച്ചതോടെ, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൊറട്ടോറിയം സംവിധാനം ഇല്ലാതാകുന്നു. ഈ വര്‍ഷം ഇതുവരെ 11 ശതമാനം കാര്‍ഷിക വായ്പ മാത്രമാണ് സഹകരണ ബേങ്കുകള്‍ നല്‍കിയത്.
കാര്‍ഷിക വായ്പ സഹകരണേതര ബേങ്കുകളിലേക്ക് മാറുന്നതോടെ കര്‍ഷകര്‍ക്കുള്ള വലിയ ആനുകൂല്യമാണ് നഷ്ടമാകുന്നത്. സഹകരണ ബേങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
നബാര്‍ഡില്‍ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്ന കാരണത്താലാണ് വായ്പയുടെ തോത് ബേങ്കുകള്‍ കുറച്ചത്. എന്നാല്‍ ഇതിന് അനുസരിച്ച് കാര്‍ഷികേതര വായ്പ വന്‍ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.
2005- 06 സാമ്പത്തിക വര്‍ഷം സ്വകാര്യ ബേങ്കുകള്‍ 1098 കോടി രൂപ വായ്പ നല്‍കിയപ്പോള്‍ സഹകരണ ബേങ്കുകള്‍ 659 കോടി രൂപയാണ് വായ്പ നല്‍കിയത്. സഹകരണ ബേങ്കുകളിലെ നിക്ഷേപകമാകട്ടെ 2277 കോടിയും. നിക്ഷേപത്തിന്റെ 29 ശതമാനമാണ് വായ്പയായി നല്‍കിയത്.
2013- 14 വര്‍ഷത്തില്‍ സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പ 11 ശതമാനമാക്കി വെട്ടിക്കുറച്ചു. 40,229 കോടി രൂപ നിക്ഷേപമുണ്ടായപ്പോഴാണ് 4433 കോടി രൂപ മാത്രം 2013- 14 സാമ്പത്തിക വര്‍ഷം വായ്പയായി നല്‍കിയത്. ഇക്കാലയളവില്‍ സ്വകാര്യ ബേങ്കുകള്‍ 58 ശതമാനം കാര്‍ഷിക വായ്പ നല്‍കി. അതേ സമയം സഹകരണ ബേങ്കുകള്‍ കാര്‍ഷികേതര വായ്പകള്‍ ഉദാരമായി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
ഓരോ വര്‍ഷത്തെയും ബാങ്ക് നിക്ഷേപത്തുകയും 40 ശതമാനം വരെ കാര്‍ഷിക വായപ് നല്‍കണമെന്നാണ് റിസര്‍വ് ബേങ്കിന്റെ നിലപാട്. എന്നാല്‍ സഹകരണബേങ്കുകള്‍ പത്ത് വര്‍ഷത്തിനിടെ ഇത് ലംഘിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സഹകരണേേബങ്കുകള്‍ 60 ശതമാനം കാര്‍ഷികേതര വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആര്‍ ബി ഐ നിര്‍ദേശം ലംഘിച്ച സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പകള്‍ വെട്ടിക്കുറച്ചിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിക്ഷേപം വര്‍ധിച്ചിട്ടും നഷ്ടകണക്ക് ചൂണ്ടിക്കാട്ടിയാണ് സഹകരണ ബേങ്കുകള്‍ കാര്‍ഷിക വായ്പകള്‍ വെട്ടിക്കുറച്ചത്. സഹകരണ ബേങ്കുകള്‍ കൈയൊഴിഞ്ഞതോടെ കര്‍ഷകര്‍ മറ്റ് ബേങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൊറട്ടോറിയം സഹകരണ ബേങ്കുകള്‍ക്ക് മാത്രമാണ് ബാധകമാകുക. മറ്റ് ബേങ്കുകളിലെ വായ്പകള്‍ക്ക് ലഭിക്കില്ല. ഇതോടെ മൊറട്ടോറിയത്തിന്റെ ആനുകൂല്യവും കര്‍ഷകര്‍ക്ക് കിട്ടാതാകുകയാണ്.