Connect with us

Kerala

തമിഴ്‌നാടിന് പ്രധാനം കൊള്ളലാഭം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയേക്കാള്‍ തമിഴ്‌നാടിന് പ്രധാനം കൊള്ളലാഭമുണ്ടാക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അപകടകരമായി വര്‍ധിച്ച ജലം തുറന്നു വിടാനും, ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റാനും സുപ്രീം കോടതിയെ ഇടപെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വി എസ് ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷമാനിച്ച് ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നുമുള്ള തമിഴ്‌നാടിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് ഡാമിലെ ജലനിരപ്പ് 142 അടിയോളം ഉയര്‍ന്നത്. അണക്കെട്ടിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബാധിക്കും.
ജലനിരപ്പ് താഴ്ത്തുന്നതിന് തമിഴ്‌നാടിനെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള അടിയന്തര ഇടപെടല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടാകാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest