അഫ്ഗാനിസ്ഥാനില്‍ വനിതാ എം പിക്ക് നേരെ ചാവേര്‍ ആക്രമണം

Posted on: November 17, 2014 5:30 am | Last updated: November 16, 2014 at 10:32 pm

shukriyaകാബൂള്‍: അഫ്ഗാനിസ്ഥാനിലെ വനിതാ എം പിക്ക് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ എം പി തലനാരിഴക്ക് രക്ഷപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒരു എം പിക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എം പിയായ ശുക്ക്‌റിയ ബറാക്‌സായി സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടന്നത്. ഇവര്‍ക്ക് ചെറുതായി പരുക്കേറ്റിട്ടുണ്ട്. പാര്‍ലിമെന്റിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എം പിയുടെ കാറിന് നേരെ മറ്റൊരു കാറിലെത്തിയ ചാവേര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ഇതിന് തൊട്ട് പിറകെ വലിയ ശബ്ദത്തില്‍ സ്‌ഫോടനം നടന്നതായി പോലീസ് പറഞ്ഞു.
പരുക്കേറ്റ എം പി ശുക്ക്‌റിയയെ ആഭ്യന്തര മന്ത്രി മുഹമ്മദ് ഉമര്‍ ദസൂദായി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എം പിയുടെ ഡ്രൈവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ശുക്ക്‌റിയ. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ എം പിയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഇവര്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പും നിരവധി തവണ ജീവന് ഭീഷണിയുള്ളതായി ഇവര്‍ വ്യക്തമാക്കിയിരുന്നു. എം പിമാരുടെ വാഹനവ്യൂഹത്തിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് മറ്റൊരു വനിതാ എം പിയായ ശിന്‍കെയ് കരോഖില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നേതൃത്വത്തില്‍ ശക്തമായ ആക്രമണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ കാബൂള്‍ പോലീസ് മേധാവിക്ക് നേരെയും വധ ശ്രമം നടന്നിരുന്നു.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രണ്ട് ദിവസത്തെ പാക് സന്ദര്‍ശനം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ സംഭവം. താലിബാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.
പാക് സന്ദര്‍ശനത്തിടെ, തീവ്രവാദത്തിനെതിരെ പാക്- അഫ്ഗാന്‍ യോജിച്ച മുന്നേറ്റത്തിന് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ധാരണയായിരുന്നു.