കാന്തപുരവും ഗുജറാത്ത് കലാപവും

Posted on: November 17, 2014 5:50 am | Last updated: November 16, 2014 at 7:53 pm

ap usthad kanthapuramനമ്മുടെ നാട്ടില്‍ മതപണ്ഡിതന്മാര്‍ ഒരുപാട് ഉണ്ടെങ്കിലും ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ വ്യക്തമായ അറിവും വീക്ഷണവുമുള്ളവര്‍ വളരെ കുറവാണ്. ഇവര്‍ പലപ്പോഴും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയായിരിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അതിനൊരു അപവാദമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് മറ്റാരും പറയാത്ത അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്നത്; മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്.
അദ്ദേഹം മനാമയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. അദ്ദേഹം അവിടെ പ്രധാനമായും പറഞ്ഞ ഒരു കാര്യം മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൊണ്ടാണ് വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അതുകൊണ്ടാണ് അവിടെ ഇടക്കിടെ കലാപങ്ങള്‍ ഉണ്ടാകുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. എത്രയോ ഉദാഹരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാനുണ്ട്.
ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും നിരവധി വിലിയ വലിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ മാത്രമല്ല മറ്റ് സമുദായങ്ങള്‍ തമ്മിലും ഭാഷയുടെ പേരിലും കലാപങ്ങള്‍ ഉണ്ടായി. കാലാകാലങ്ങളില്‍ ലഹളകള്‍ ഉണ്ടാകേണ്ടത് ഭരിക്കുന്നവരുടെ ആവശ്യമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ സിഖ് എന്നോ ക്രിസ്ത്യാനി എന്നോ ഇല്ല. സമുദായങ്ങള്‍ തമ്മിലടിക്കുമ്പോള്‍ ചിലര്‍ക്ക് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം ഉണ്ടാകുന്നുണ്ട്. കോണ്‍ഗ്രസും ലാലു പ്രസാദും നിതീഷ്‌കുമാറുമൊക്കെ ഇത് ചെയ്തിട്ടുണ്ട്. ബി ജെ പിക്കാര്‍ ഇത് ഒരു മറയുമില്ലാതെ നേരിട്ട് ചെയ്യുന്നവരാണ്. 1969ലെ അഹമ്മദാബാദ് കലാപത്തിലും 1984ലെ സിഖ് കലാപത്തിലും 89ലെ ഭഗല്‍പൂര്‍ കലാപത്തിലും ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യം പ്രകടമായിരുന്നു. കലാപത്തിന് പിന്നിലെ സാമുദായികതക്കപ്പുറമുള്ള മാനങ്ങള്‍ കൂടി തിരിച്ചറിയാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ഈ തിരിച്ചറിവിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും പ്രതിഫലനങ്ങള്‍ കാന്തപുരത്തിന്റെ പ്രസ്താവനയിലുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ കലാപം 1969 സെപ്തംബറില്‍ ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദില്‍ നടന്നതാണ്. ഒരു മുസ്‌ലിമിന്റെ കാള ഒരു ഹിന്ദു സന്യാസിയെ കുത്തിയെന്ന കിംവദന്തിയെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കാള കുത്തിയെന്ന് പറയുന്ന സംഭവം ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്തായാലും കലാപമുണ്ടാക്കാന്‍ ചില ആളുകള്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. ആയിരത്തിലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ എത്രയെന്ന് ആര്‍ക്കുമറിയില്ല. 25,000 ഓളം പേര്‍ ഭവനരഹിതരായി. കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിച്ചു. അഹമ്മദാബാദ് കലാപത്തില്‍ മരിച്ചവരില്‍ 85 ശമതാനത്തിലധികം പേരും മുസ്‌ലിംകളായിരുന്നു. ഹിന്ദു മുസ്‌ലിം ലഹള എന്നതിനപ്പുറം മുസ്‌ലിം വിരുദ്ധ കലാപമാണ് അവിടെ അരങ്ങേറിയത്. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ഗുജറാത്ത് ഭരിച്ചിരുന്നത് അറിയപ്പെടുന്ന ഗാന്ധിയനും മൊറാര്‍ജി ദേശായിയുടെ അനുയായിയുമായ ഹിതേന്ദ്ര ദേശായിയായിരുന്നു. കലാപം അരങ്ങേറുമ്പോള്‍ അഹമ്മദാബാദില്‍ പോലീസ് തീര്‍ത്തും നിഷ്‌ക്രിയമായിരുന്നു. അക്രമം തടയാന്‍ പോലീസോ സര്‍ക്കാറോ ഒന്നും ചെയ്തില്ല. ലഹള തുടങ്ങുമ്പോള്‍ തന്നെ അതിനെ അടിച്ചമര്‍ത്തിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അത് ജനസംഘത്തിന് ഗുണകരമായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുസ്‌ലിംകളോട് വിരോധമുണ്ടാകാന്‍ കാരണമുണ്ടായിരുന്നു. അതിന് മുമ്പ് 1952ലും 1957ലും 1962ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലെ മുസ്‌ലിംകള്‍ വോട്ട് ബേങ്ക് പോലെ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. 1967 ആയപ്പോള്‍ മുസ്‌ലിം നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടായി. കോണ്‍ഗ്രസിനെ സ്ഥിരമായി പിന്തുണച്ചതുകൊണ്ട് ഒരു ഗുണവുമുണ്ടാകാത്ത സാഹചര്യത്തില്‍ ഇനിയുമെന്തിന് ഇങ്ങനെ നിരുപാധിക പിന്തുണ തുടരണം എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ മുസ്‌ലിംകളില്‍ ഒരു വിഭാഗം രാജാജിയുടെ സ്വതന്ത്ര പാര്‍ട്ടിക്ക് പിന്തുണ നല്‍കി. അതോടെ കോണ്‍ഗ്രസുകാര്‍ മുസ്‌ലിംകളോട് കാലുഷ്യം തുടങ്ങി. നമുക്ക് വോട്ട് ചെയ്യാത്തവര്‍ അനുഭവിക്കട്ടെ എന്ന ചിന്ത അവരിലുണ്ടായി. കലാപത്തില്‍ ആര്‍ എസ് എസുകാരും ജനസംഘക്കാരും മാത്രമായിരുന്നില്ല പങ്കെടുത്തിരുന്നത്. അക്കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും സ്വതന്ത്ര പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ആ ലഹളയെ പ്രോത്സാഹിപ്പിക്കാതിരുന്നത് സോഷ്യലിസ്റ്റുകളും ലഹളയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് കമ്യൂണിസ്റ്റുകളും മാത്രമായിരുന്നു. ബാക്കിയെല്ലാവരും കലാപത്തില്‍ പങ്കെടുക്കുകയോ പക്ഷം പിടിക്കുകയോ ചെയ്തവരാണ്.
രക്തപങ്കിലമായ മറ്റൊരു സാമുദായിക കലാപം ഭഗല്‍പൂരിലേതാണ്. 1989 ഒക്ടോബര്‍ 24ന് തുടങ്ങി രണ്ട് മാസം ഭഗല്‍പൂരിലും പരിസര ഗ്രാമങ്ങളിലും പടര്‍ന്നുപിടിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും മുസ്‌ലിംകളായിരുന്നു. ഒളിയും മറയുമൊന്നുമില്ലാതെ പട്ടാപ്പകല്‍ ആയുധധാരികള്‍ മുസ്‌ലിം ഗൃഹങ്ങളില്‍ നരനായാട്ട് നടത്തുകയായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോണ്‍ഗ്രസുമാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്. സത്യേന്ദ്ര നാരായണ്‍ സിന്‍ഹ എന്ന വളരെ മുതിര്‍ന്ന ഗാന്ധിയന്‍ കോണ്‍ഗ്രസുകാരനായിരുന്നു അന്ന് ബീഹാര്‍ മുഖ്യമന്ത്രി. കലാപം തുടങ്ങിയ സമയത്ത് തന്നെ അവിടത്തെ പോലീസ് സൂപ്രണ്ട് കെ എസ് ദ്വിവേദി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് പരാതിയുണ്ടായി. കലാപത്തിന് വഴിമരുന്നിട്ട രാമശിലാ ഘോഷയാത്ര സംഘര്‍ഷത്തിലേക്ക് വഴുതിയത് ദ്വിവേദിയുടെ സാന്നിധ്യത്തിലായിരുന്നു. കലാപം അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയ ദ്വിവേദി കലാപകാരികള്‍ക്ക് കുട ചൂടുകയാണ് ചെയ്തത്. ദ്വിവേദിക്കെതിരായ പരാതി ശ്രദ്ധയില്‍ പെട്ട ഉടനെ മുഖ്യമന്ത്രി സത്യേന്ദ്ര നാരായണ്‍ സിന്‍ഹ ഇടപെടുകയും ദ്വിവേദിയെ ഭഗല്‍പൂരില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു. പക്ഷേ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുടെ വിരുദ്ധ ഗ്രൂപ്പുകാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവത്ധാ ആസാദും മുന്‍ സ്പീക്കര്‍ ശിവ്ചന്ദ്ര ഝായും പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഇടപെടുവിച്ച് ദ്വിവേദിയുടെ ട്രാന്‍സ്ഫര്‍ റദ്ദ് ചെയ്യിച്ചു. ഭരണഘടനാവിരുദ്ധമായ നടപടിയിലൂടെയാണ് രാജീവ് ഗാന്ധി പോലീസ് സൂപ്രണ്ടിന്റെ ട്രാന്‍സ്ഫറില്‍ ഇടപെട്ടത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു രാജീവ് ഗാന്ധിയുടെ ഈ നടപടി. ഇതോടെ ദ്വിവേദി ഭഗല്‍പൂര്‍ എസ് പിയായി തിരിച്ചെത്തി. അതിന്റെ പ്രത്യാഘാതം ഭയാനകമായിരുന്നു. ഭൂമിഹാര്‍മാരും യാദവന്‍മാരും വീടുകള്‍ കയറിയിറങ്ങി മുസ്‌ലിംകളെ കഴുത്തറുത്തും തീ കൊളുത്തിയും നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തു. പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. ആയിരം പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ഥ മരണസംഖ്യയെത്രയെന്ന് ആര്‍ക്കറിയാം!
ഭഗല്‍പൂര്‍ കലാപത്തെക്കുറിച്ച് പാട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് സി പി സിന്‍ഹയും ജസ്റ്റിസ് ഷംസുല്‍ ഹസനും ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചു. 1995ലാണ് ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. കെ എസ് ദ്വിവേദി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ലഹള മൂര്‍ച്ഛിക്കാന്‍ കാരണമെന്ന് കമ്മീഷന്‍ കണ്ടെത്തി.
സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ ആത്മകഥയില്‍ കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കലാപം ആളിക്കത്തിച്ചതെന്ന് കുറ്റപ്പെടുത്തിയ സിന്‍ഹ കെ എസ് ദ്വിവേദിയുടെ സ്ഥലം മാറ്റം റദ്ദാക്കിയ രാജീവ് ഗാന്ധിയുടെ നടപടിയെയും വിമര്‍ശിക്കുകയുണ്ടായി.
കൂട്ടക്കൊലയുടെ ഉത്തരവാദിത്തം സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ മേല്‍ കെട്ടിവെച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചെയ്തത്. പകരം ജഗന്നാഥമിശ്രയെ 1989ല്‍ മുഖ്യമന്ത്രിയാക്കി. കോണ്‍ഗ്രസ് ഇതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ബീഹാറിലെ മുസ്‌ലിംകള്‍ കോണ്‍ഗ്രസിന് പിന്നീടൊരിക്കലും മാപ്പ് നല്‍കിയിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ബി ജെ പിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായി. പിന്നീട് ക്രമേണ മുസ്‌ലിംകള്‍ ലാലു പ്രസാദ് യാദവിന്റെ വോട്ടര്‍മാരായി മാറി. ഇപ്പോഴും മുസ്‌ലിം വോട്ട് ബേങ്കിന്റെ ഉടമസ്ഥന്‍ ലാലു പ്രസാദ് യാദവാണ്. എന്നിട്ടും ഭഗല്‍പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതി കിട്ടിയില്ല. യാദവന്‍മാരായിരുന്നു കലാപത്തില്‍ പ്രതിസ്ഥാനത്ത് എന്നിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാതിരിക്കാനും എടുത്ത കേസുകള്‍ ദുര്‍ബലമാക്കാനും ലാലു പ്രസാദ് യാദവ് പത്യേകം ശ്രദ്ധിച്ചു. പിന്നീട് മുസ്‌ലിംകളെയും യാദവരെയും തമ്മില്‍ തെറ്റിക്കാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ശേഷം കലാപവുമായി ബന്ധപ്പെട്ട 27 കേസുകള്‍ പുനര്‍വിചാരണ നടത്തി ചിലരെ ശിക്ഷിക്കുകയുണ്ടായി.
പോലീസുകാര്‍ നേരിട്ട് നടത്തിയ കലാപങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. 1980ലെ മൊറാദാബാദ് കൂട്ടക്കൊല അത്തരത്തിലുള്ളതാണ്. അതൊരു ഹിന്ദു മുസ്‌ലിം ലഹളയായിരുന്നില്ല. ഇന്ദിരാ ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. വി പി സിംഗായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 13ന് മൊറാദാബാദിലെ പള്ളിയില്‍ ഈദ് നിസ്‌കാരം നടക്കുന്നതിനിടയിലേക്ക് പന്നി ഓടിക്കയറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പന്നി സ്വമേധയാ ഓടിക്കയറിയതാണോ ഓടിച്ചുകയറ്റിയതാണോ എന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് അവിടെ കാവല്‍ നിന്ന പോലീസും ജനക്കൂട്ടവുമായി തര്‍ക്കമുണ്ടായി. പന്നിയെ ഓടിക്കുന്നത് പോലീസിന്റെ പണിയല്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. വിശ്വാസികള്‍ പ്രകോപിതരായി പോലീസിന് നേരെ കല്ലെറിഞ്ഞതോടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വെടിവെച്ചു. 50 പേര്‍ തത്ക്ഷണം മരിച്ചുവീണു. സംഘര്‍ഷം നഗരത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. നാലഞ്ച് പോലീസുകാരും കൊല്ലപ്പെട്ടു. കലാപം നേരിടാന്‍ പോലീസ് മതിയാകില്ലെന്ന് കണ്ട് വി പി സിംഗ് കുപ്രസിദ്ധമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പി എ സി)യെ രംഗത്തിറക്കി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പി എ സി ബറ്റാലിയനുകള്‍ മുസ്‌ലിം വേട്ടക്കായി തോക്കുമായി ഇറങ്ങിയതോടെ നൂറുകണക്കിന് പേര്‍ മരിച്ചു വീണു. സര്‍ക്കാര്‍ കണക്ക് പ്രകാരം 500 പേരാണ് മൊറാദാബാദ് കലാപത്തില്‍ കൊല്ലപ്പെട്ടത്. മുസ്‌ലിം സംഘടനകളുടെ കണക്കനുസരിച്ച് മരണ സംഖ്യ 2500 ആണ്. നിഷ്പക്ഷമതികള്‍ പറയുന്നത് 1000നും 1500 മിടയിലാണ് മരണസംഖ്യ എന്നാണ്. മരിച്ചതില്‍ ഏറെക്കുറെ മുഴുവനും മുസ്‌ലിംകളായിരുന്നു. കലാപമല്ല, യുദ്ധമായിരുന്നു മൊറാദാബാദില്‍ നടന്നത്. ഇന്ദിരാ ഗന്ധി പറഞ്ഞത് ഇതിന് പിന്നില്‍ പാക്കിസ്ഥാന്റെ കൈകളുണ്ട് എന്നാണ്. ഇതേക്കുറിച്ച് അന്വേഷിച്ച അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സക്‌സേനയുടെ റിപ്പോര്‍ട്ടില്‍ പോലീസിനെയും മുഖ്യമന്ത്രി വി പി സിംഗിനെയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ, ആര്‍ക്കെതിരെയും നടപടിയൊന്നുമുണ്ടായില്ല.
1982ല്‍ മീററ്റ് ലഹളയിലും ഇത് തന്നെ ആവര്‍ത്തിച്ചു. 49 ശതമാനം മുസ്‌ലിംകളും 49 ശതമാനം ഹിന്ദുക്കളുമുള്ള സ്ഥലമാണ് മീററ്റ്. അവിടെ നിന്നുള്ള എം പി ഇന്ദിരാ ഗാന്ധിയുടെ വലംകൈയായിരുന്ന മൊഹ്‌സീന കിദ്വായ് ആയിരുന്നു. അമ്പലത്തിന്റെയും പളളിയുടെയും സ്ഥലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. അത് കത്തിക്കുത്തില്‍ കലാശിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ നൂറ് പേര്‍ മരിച്ചു. വെടിവെപ്പില്‍ മരിച്ചവരില്‍ ഏറെയും മുസ്‌ലിംകളായിരുന്നു. മീററ്റ് കലാപത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് ലക്‌നോ സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചു കിടന്നതല്ലാതെ വെളിച്ചം കണ്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് 97ല്‍ ഒരു മുസ്‌ലിം സംഘടന സുപ്രീം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ആവശ്യം അനുവദിക്കപ്പെട്ടില്ല. മീററ്റ് ഇപ്പോള്‍ ശാന്തമാണെന്നും 15 കൊല്ലത്തിന് മുമ്പു നടന്ന സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കെട്ടടങ്ങിയ സാമുദായിക വികാരങ്ങള്‍ ആളിക്കത്തിക്കുമെന്നും ഉണങ്ങിയ മുറിവുകള്‍ വീണ്ടും വ്രണപ്പെടുമെന്നുമുള്ള യു പി സര്‍ക്കാറിന്റെ നിലപാട് അംഗീകരിക്കപ്പെടുകയായിരുന്നു.
വര്‍ഗീയ കലാപമുണ്ടായ പ്രദേശങ്ങളിലെ സാമൂഹികാന്തരീക്ഷം പരിശോധിച്ചാല്‍ വിദ്യാഭ്യാസപരമോ സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ ഒരു മുഖ്യ ഘടകമാണെന്ന് കാണാം. ഗുജറാത്തില്‍ സ്ഥിരമായി കലാപമുണ്ടാകുന്ന പ്രദേശമാണ് ഗോധ്ര. അവിടെ കലാപമുണ്ടാക്കുന്നത് ഗുജറാത്തി ഹിന്ദുക്കളല്ല. സിന്ധില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ ദരിദ്ര ഹിന്ദുക്കളാണ്. വിദ്യാസമ്പന്നരായ മുസ്‌ലിം വിഭാഗങ്ങള്‍ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇറങ്ങാറില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന ഗഞ്ചി മുസ്‌ലിംകളാണ് അക്രമങ്ങള്‍ക്കിറങ്ങാറുള്ളത്. എല്ലാ കലാപങ്ങളിലും ഒരു വശത്ത് സിന്ധി അഭയാര്‍ഥികളും മറുവശത്ത് ഗഞ്ചി മുസ്‌ലിംകളുമാണ് ഉണ്ടാകാറുള്ളത്. നരേന്ദ്രമോദി മര്യാദക്കാരനാണെന്നോ ഗുജറാത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നോ അഭിപ്രായമില്ല. പക്ഷേ, മുസ്‌ലിംകള്‍ക്ക് ഗുജറാത്തിലുള്ള വിദ്യാഭ്യാസ പുരോഗതി പോലും യു പിയിലോ ബീഹാറിലോ ഉണ്ടാകുന്നില്ലെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. സമുദായ പ്രീണനത്തിലൂടെ മുസ്‌ലിംകളെ പിന്നാക്കാവസ്ഥയില്‍ തളച്ചിടുകയാണ് അവിടെയുള്ള സര്‍ക്കാറുകള്‍ ചെയ്യുന്നത്. മദ്‌റസയില്‍ പോയി പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും മദ്‌റസയില്‍ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യൂനിവേഴ്‌സിറ്റി ബിരുദവുമായി തുല്യതയും അനുവദിക്കുമ്പോള്‍ കുട്ടികള്‍ ഒരിക്കലും ഇംഗ്ലീഷോ ഹിന്ദിയോ കണക്കോ ഫിസിക്‌സോ കെമിസ്ട്രിയോ പഠിക്കില്ല. അറബി, ഉറുദുഭാഷകള്‍ മാത്രം പഠിച്ചു വളരുന്ന അവര്‍ക്ക് ആധുനിക ലോകത്ത് ജീവിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ബംഗാളില്‍ മമത ബാനര്‍ജിയും പ്രീണനത്തിലൂടെ മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
കാന്തപുരം അടിസ്ഥാനപരമായി പറയുന്നത് വിദ്യാഭ്യാസത്തിന്റെ കാര്യമാണ്. കാന്തപുരം മുന്‍കൈയെടുത്ത് ഗുജറാത്തില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശത്തിന്റെ മഹത്വം വളരെ വലുതാണ്. ഇതിനെയൊക്കെ ദുര്‍വ്യാഖ്യാനം ചെയ്ത് കാന്തപുരം ബി ജെ പിയുടെ ആളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. കഴിഞ്ഞ 30-40 കൊല്ലത്തിനിടയില്‍ മുസ്‌ലിംകളിലുണ്ടായ വിദ്യാഭ്യാസ പുരോഗതി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ആ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാറിന്റെ പണം എത്രയാണ് അനാമത്തായി പോകുന്നത്? മോദിയില്‍ നിന്നായാലും ശിവരാജ് സിംഗ് ചൗഹാനില്‍ നിന്നായാലും നവീന്‍പട്‌നായിക്കില്‍ നിന്നായാലും വാങ്ങിക്കാം. അവരുടെ തറവാട്ടില്‍ നിന്നുള്ള പണമല്ലല്ലോ തരുന്നത്. ഖജനാവില്‍ നിന്നുള്ള പണമാണ്. മോദി പ്രധാനമന്ത്രിയായതിനാല്‍ ഇന്ത്യയിലെ മുസ്‌ലിംകളാരും സ്‌കൂളില്‍ പോകില്ലെന്നും നികുതി കൊടുക്കില്ലെന്നും നിയമം അനുസരിക്കില്ലെന്നും പറയുന്നതില്‍ ഒരു യുക്തിയുമില്ല. മോദിയെ അഞ്ച് കൊല്ലത്തേക്ക് ജനം വോട്ട് ചെയ്ത് ജയിപ്പിച്ചിരിക്കുകയാണ്. അത്രയും കാലം നമ്മള്‍ സഹിച്ചേ മതിയാകൂ. വിദ്യാഭ്യാസപരമായ പുരോഗതിയും സാമൂഹികമായ പുരോഗതിയും അത് രണ്ടില്‍ നിന്നുമുണ്ടാകുന്ന സാമ്പത്തികമായ പുരോഗതിയും ഉണ്ടായാല്‍ കലാപങ്ങള്‍ക്ക് അവിടെ ഇടമില്ലാതാകും. കേരളത്തില്‍ സാമുദായിക കലാപങ്ങള്‍ ഉണ്ടാകാത്തത് ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ കേരളം തന്നെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക. കേരള മോഡല്‍ പിന്തുടരുകയെന്നത് വടക്കേ ഇന്ത്യയില്‍ ഏറ്റവും അത്യാവശ്യമാണ്. കാന്തപുരം മുന്നോട്ടുവെക്കുന്നതും ഈ കേരള മാതൃകയാണ്.
രാജ്യത്ത് കലാപമുണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നവരാണ് കാന്തപുരത്തിന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഭഗല്‍പൂരിലും മീററ്റിലുമുണ്ടായ പോലുള്ള ലഹളകള്‍ ഉണ്ടാകണമെന്നും രാജ്യം ശിഥിലമാകണമെന്നും ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം മുസ്‌ലിംകളിലുണ്ട്. അവര്‍ കാന്തപുരത്തിന്റെ പ്രസ്താവനയെ വളച്ചൊടിച്ചും പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തില്‍ ആരോപിച്ചും കുഴപ്പമുണ്ടാക്കാന്‍ നോക്കുന്നു. കാന്തപുരത്തോട് വ്യക്തിപരമായി വിരോധമുള്ളവരും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമി ഏതു കാലത്തും ഒരു ഛിദ്രശക്തിയാണ്. ഒരു കുഴപ്പമുണ്ടായാല്‍ ഒമ്പത് കുഴപ്പമുണ്ടാക്കാന്‍ ഉത്സാഹിക്കുന്നവരാണ് അവര്‍. സമുദായത്തിന് പുരോഗതിയുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ എന്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നില്ല? അതല്ലേ പ്രധാനപ്പെട്ട കാര്യം? അവര്‍ വിവേകശാലികളും ബുദ്ധിമാന്‍മാരുമാണ്. വിവേകശാലികളായതിനാല്‍ അവര്‍ അക്രമത്തിന് പുറപ്പെടില്ല. അക്രമം നടത്തിയാല്‍ ജയിലില്‍ പോകും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ബുദ്ധിയുള്ളതിനാല്‍ മറ്റുള്ള ആള്‍ക്കാരെ അവര്‍ അക്രമത്തിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അക്കാര്യത്തല്‍ അവരെക്കഴിഞ്ഞേ മറ്റാരുമുള്ളൂ. അതാണ് അവരുടെ വിജയം. അവര്‍ ‘വിജയിച്ച’ ആളുകളാണ്. സമുദായത്തിലെ മറ്റുള്ള ആളുകള്‍ക്ക് അവരുടെ അത്ര ‘ബുദ്ധി’യോ ‘വിവേക’മോ ഇല്ലാത്തതിനാല്‍ ആ പാവങ്ങള്‍ കുടുങ്ങിപ്പോകും.

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം