ജി 20 ഉച്ചകോടി

Posted on: November 17, 2014 5:38 am | Last updated: November 16, 2014 at 7:50 pm

ഇന്ത്യയടക്കം പത്തൊമ്പത് രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂനിയനും ഉള്‍ക്കൊള്ളുന്ന ജി 20 സഖ്യത്തിന്റെ ഉച്ചകോടി ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയിനില്‍ സമാപിച്ചിരിക്കുന്നു. ലോകത്തെ മൊത്തം ആഭ്യന്തര ഉത്പന്നത്തിന്റെ 85 ശതമാനവും കൈകാര്യം ചെയ്യുന്നത് ജി 20 രാജ്യങ്ങളാണ്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ഈ സഖ്യം ഉള്‍ക്കൊള്ളുന്നു. ആകെ വ്യാപാരത്തിന്റെ എണ്‍പത് ശതമാനം കൈകാര്യം ചെയ്യുന്നതും ജി 20 തന്നെ. അതുകൊണ്ട് പരമ്പരാഗത വിരുന്ന് ആസ്വദിച്ചും സൗഹൃദം പങ്കിട്ടും ലോക നേതാക്കള്‍ മടങ്ങുമ്പോള്‍ അവശേഷിക്കുന്ന തീരുമാനങ്ങളും മുന്‍ഗണനകളും ലോകത്തെയാകെ സ്വാധീനിക്കും. കോടിക്കണക്കായ മനുഷ്യരുടെ ജീവിതത്തില്‍ ആ തീരുമാനങ്ങള്‍ പ്രതിഫലിക്കും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നികുതി വെട്ടിപ്പ് തടയുമെന്നും ആഗോള ബേങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തുമെന്നുമാണ് പുറത്തുവന്ന പ്രഖ്യാപനങ്ങള്‍. കള്ളപ്പണത്തിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ഉച്ചകോടിയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
ഉച്ചകോടിക്ക് സമാപനം കുറിച്ച് കൊണ്ട് ആതിഥേയ രാഷ്ട്രമായ ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോട്ട് പുറപ്പെടുവിച്ച പ്രസ്താവനയാണ് സംയുക്ത പ്രസ്താവനയെന്ന നിലയില്‍ വന്നിട്ടുള്ളത്. ഓരോ അംഗരാജ്യവും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം അധിക സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ നേട്ടത്തിനായി ഒത്തൊരുമിച്ച് എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് പ്രസ്താവനയില്‍ ഒരു വരി പോലുമില്ല. അത്തരം കാര്യങ്ങള്‍ ആലോചിക്കാനായി ഫെബ്രുവരിയില്‍ ധനകാര്യ മന്ത്രിമാര്‍ യോഗം ചേരുമെന്ന് മാത്രമാണ് പ്രഖ്യാപനം. തീര്‍ച്ചയായും ഈ സാമ്പത്തിക വളര്‍ച്ച സാധ്യമാകണമെങ്കില്‍ തൊഴിലവസരം സൃഷ്ടിക്കപ്പെടണം. മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് രാജ്യങ്ങള്‍ അവകാശപ്പെടുമ്പോഴും തൊഴില്‍ സൃഷ്ടിപ്പിന്റെ രംഗത്ത് കരകയറാനായിട്ടില്ല. ജി 20 ഉച്ചകോടി വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ അത് സ്വകാര്യ, വന്‍കിട കമ്പനികളെ ആസ്പദമാക്കുന്ന തൊഴില്‍ വികസനമാണ് ലക്ഷ്യം വെക്കുന്നത്. അത് എത്രമാത്രം ജനപക്ഷത്ത് നില്‍ക്കുന്ന വികസനമാകുമെന്നതാണ് ചോദ്യം. നികുതി സംബന്ധമായ വിവരങ്ങള്‍ കൈമാറണമെന്നും എബോളക്കെതിരെ പോരാടണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനുള്ള മാര്‍ഗങ്ങളും പ്രസ്താവനയില്‍ ഇല്ല. ഏറെ പറഞ്ഞു, എന്നാല്‍ ഒന്നും പറഞ്ഞില്ല എന്ന സ്ഥിതിയാണ് ഉച്ചകോടിയില്‍ ഉണ്ടായത്.
പതിവുപോലെ സാമ്പത്തിക വളര്‍ച്ചയെന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുമ്പോള്‍ ‘ആരുടെ വളര്‍ച്ച’യെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുകയാണ്. സര്‍വതന്ത്ര സ്വതന്ത്ര സാമ്പത്തിക ക്രമം അപകടകരമായ മാതൃകയാണെന്ന് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിവിധ പതിപ്പുകള്‍ തെളിയിച്ചുകഴിഞ്ഞു. നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളാണ് ഇന്ന് മുന്നിട്ടു നില്‍ക്കുന്നത്. എന്നുവെച്ചാല്‍ ഭരണകൂടത്തിന്റെ കൃത്യമായ തീരുമാനങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകുന്ന സാമ്പത്തിക ക്രമം. അതിനെ സോഷ്യലിസമെന്ന് വിളിക്കാന്‍ സാധിക്കാത്തത് അതിന്റെ മുന്‍ഗണന സമൂഹത്തിലെ താഴേ തട്ടിലുള്ളവര്‍ അല്ല എന്നത് കൊണ്ടാണ്. എന്നാല്‍ അത് മുതലാളിത്തമല്ലെന്ന് തീര്‍ത്ത് പറയാനാകും. നികുതി കൃത്യമായി പിരിച്ചെടുക്കേണ്ടതാണെന്ന സന്ദേശം നല്‍കുക വഴി കൃത്യമായ ഇടപെടലുകള്‍ക്ക് വിധേയമായ സമ്പദ്‌വ്യവസ്ഥകളാണ് ജി 20 മുന്നോട്ട് വെക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ ഇടപെടല്‍ രാഷ്ട്രങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വളര്‍ച്ചയുടെ പങ്ക് എല്ലാവര്‍ക്കും ലഭിക്കുന്നതിനും ഉപയോഗിക്കുമെങ്കില്‍ ലോകത്തിന്റെ ചിത്രം ഇന്നത്തെ പോലെയാകുമായിരുന്നില്ല.
ദ്വിദിന ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക വിഷയങ്ങള്‍ക്ക് മുഖ്യ പരിഗണന ലഭിക്കത്തക്ക വിധത്തിലാണ് അജന്‍ഡ തയാറാക്കിയിരുന്നതെങ്കിലും ഉക്രൈനില്‍ റഷ്യ നടത്തുന്ന ഇടപെടലുകള്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡയായി മാറുകയായിരുന്നു. ഉച്ചകോടിയുടെ പാര്‍ശ്വങ്ങളില്‍ നടന്ന ചര്‍ച്ച മിക്കതും റഷ്യയെ ലക്ഷ്യം വെച്ചായിരുന്നു. തികച്ചും ഒറ്റപ്പെട്ടതോടെ റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ നേരത്തേ വേദി വിടുകയും ചെയ്തു. കിഴക്കന്‍ ഉക്രൈനില്‍ റഷ്യ സൈനികമായി ഇടപെടുന്നുവെന്ന് പുടിന്‍ എത്ര നിഷേധിച്ചാലും മായാക്കാനാകാത്ത വസ്തുതയാണ്. എന്നാല്‍ ഇടപെടലുകള്‍ നടത്തുന്നത് റഷ്യ മാത്രമാണോ? ഉക്രൈനിലെ ഇന്നത്തെ അവസ്ഥയില്‍ പാശ്ചാത്യ ശക്തികളുടെ പങ്കും കണക്കിലെടുക്കേണ്ടതല്ലേ?