Connect with us

Gulf

ദുബൈ ബ്ലു അബ്ര: ആര്‍ ടി എയും അറ്റ്‌ലാന്റിസും കൈകോര്‍ക്കുന്നു

Published

|

Last Updated

ദുബൈ: ബ്ലൂ അബ്രയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആര്‍ ടി എയും അറ്റ്‌ലാന്റിസും കൈകോര്‍ക്കുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദയമായ അബ്രയാണ് ബ്ലു അബ്ര. ഇതിനായാണ് ഇരുവരും ഒന്നിക്കുന്നത്. ഇത്തരം അബ്രകള്‍ ഈ മാസം ഒന്നു മുതല്‍ ആരംഭിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. ഇത്തരം അബ്രകള്‍ക്ക് പൊതുജനങ്ങളില്‍ നിന്നു ലഭിച്ച വര്‍ധിച്ച ആവശ്യമാണ് നടപടിക്ക് കാരണമായത്.
ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ അബ്രക്കാണ് ആര്‍ ടി എ രൂപം നല്‍കിയിരിക്കുന്നത്. 20 മിനുട്ട് യാത്രക്ക് 65 ദിര്‍ഹമാണ് നിരക്ക്. അറ്റലാന്റിസിനോട് ചേര്‍ന്ന നസീമി ബീച്ചില്‍ നിന്നു പുറപ്പെട്ട് അറ്റ്‌ലാന്റിസിന് മുമ്പിലൂടെ സഞ്ചരിച്ച് പാം റിസോര്‍ട്ടിലും സ്പ്ലാഷ് പാര്‍ക്കിലും ചുറ്റിയാണ് അബ്രയുടെ സഞ്ചാരം. ആര്‍ ടി എക്ക് വേണ്ടി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലിയും അറ്റ്‌ലാന്റിസ് ഹോട്ടല്‍ പ്രസിഡന്റും എം ഡിയുമായ സെര്‍ജി സാലോഫുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

Latest