പാറ്റൂര്‍ ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി

Posted on: November 16, 2014 5:43 am | Last updated: November 15, 2014 at 11:46 pm

patturതിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറി. 16 സെന്റ് വരുന്ന ഭൂമി തോട് പുറമ്പോക്കാണെന്ന് പരിശോധനയില്‍ അമിക്കസ്‌ക്യൂറി കണ്ടെത്തി. ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സ്ഥലം പരിശോധിച്ച അമിക്കസ്‌ക്യൂറി അറിയിച്ചു. വിവാദഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തണമെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് എ ഡി ജി പിയുമായ തോമസ് ജേക്കബിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ്, ഫഌറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി.
പാറ്റൂര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് സംഘം കൈയേറിയതില്‍ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാറ്റൂരിലെ 16.5 സെന്റ് പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് തടഞ്ഞില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി കൈയേറിയ സ്വകാര്യവ്യക്തികള്‍ക്കെതിരെ കേസെടുക്കണമെന്നും കഴിഞ്ഞ ജൂണില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെടുന്നുണ്ട്.