വൃദ്ധയുടെ മരണം: മക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

Posted on: November 16, 2014 5:34 am | Last updated: November 15, 2014 at 11:36 pm

പത്തനാപുരം: കടക്കാമണ്‍ രേവതി ഭവനില്‍ പാറുക്കുട്ടി(80)യുടെ മരണവുമായി ബന്ധപ്പെട്ട് മക്കളുള്‍പ്പെടെ നാല് പേരെ പത്തനാപുരം പോലീസ് പിടികൂടി. മക്കളായ പത്തനംതിട്ട ചാമക്കാലയില്‍ വീട്ടില്‍ മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരനായ രാജന്‍(57), കടക്കാമണ്‍ മഞ്ചു ഭവനില്‍ സുഭദ്ര(59), നെടുമണ്‍കാവ് കുന്നത്ത് വീട്ടില്‍ ലീല(49) മകനും വിദേശത്തുളള സോമന്റെ ഭാര്യ ഷീജ എന്നിവരെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ പത്തനാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. മാതാവും വയോധികയുമായ പാറുക്കുട്ടിക്ക് വേണ്ടത്ര പരിചരണമോ ആഹാരമോ മക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ലഭിച്ചിരുന്നില്ല. വൃദ്ധ പരിപാലന നിയമ പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പത്തനാപുരം എസ് ഐ. ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. മരിച്ച് രണ്ടാഴ്ചയോളം പഴക്കമുളള പാറുക്കുട്ടിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.