Connect with us

International

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ സുരക്ഷാ സഹകരണത്തിന് ധാരണ

Published

|

Last Updated

ഇസ്‌ലാമാബാദ്: സമാധാനം, സ്ഥിരത, വളര്‍ച്ച എന്നീ വിഷയങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ധാരണയിലെത്തി. ഭീകരതയും സംഘര്‍ഷങ്ങളും ഇരുരാജ്യങ്ങളിലെയും ദൈനംദിന ഭരണത്തെ പോലും പിന്നോട്ടുനയിക്കുന്ന സാഹചര്യത്തിലാണ് ഒത്തൊരുമിച്ച് മുന്നോട്ടു പോകാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞ ചെയ്തത്.
സമാധാനപരമായ അയല്‍പക്ക ബന്ധമാണ് പാക്കിസ്ഥാന്‍ താത്പര്യപ്പെടുന്നതെന്നും സമാധാനപൂര്‍ണവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു അഫ്ഗാനിസ്ഥാന്‍ എന്നത് പാക്കിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെയും പ്രധാന താത്പര്യമാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു. ശക്തവും സമഗ്രവുമായ പങ്കാളിത്തമാണ് താന്‍ അഫ്ഗാനിസ്ഥാനുമായി ഉദ്ദേശിക്കുന്നത്. ഈ ആവശ്യത്തിന് ഇരു രാജ്യങ്ങളും പരസ്പരം സൈന്യത്തെയും സംഭാവന ചെയ്യണം. അഫ്ഗാനിസ്ഥാന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി സമാധാന നീക്കങ്ങളെ വീണ്ടും ശക്തിപ്പെടുത്തല്‍ അനിവാര്യമാണെന്നും ഇതേ നിലപാടുള്ള വ്യക്തിയാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയെന്നും നവാസ് ശരീഫ് ഓര്‍മപ്പെടുത്തി.
ആഴ്ചകള്‍ക്ക് മുമ്പ്, ശരീഫിന്റെ പിന്തുണയോടെ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ശ്രമം നടത്തിയിരുന്നു. ചര്‍ച്ചയിലേക്ക് താലിബാനെ ക്ഷണിക്കുകയും ചെയ്തു.
പുതിയ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമാധാന ചര്‍ച്ചകളെ മുന്നോട്ടുകൊണ്ടുപോകാനുള്ള പാക്കിസ്ഥാന്റെ പിന്തുണ താന്‍ ഉറപ്പ് നല്‍കുന്നു. ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുക അഫ്ഗാനിസ്ഥാന്‍ മാത്രമായിരിക്കുമെന്നും ശരീഫ് ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റും സമാനമായ നിലപാട് തന്നെയാണ് പ്രകടിപ്പിച്ചത്. ഒരു സമാധാന നയരേഖ ഇരു രാജ്യങ്ങള്‍ക്കും ആവശ്യമാണെന്നും വരും തലമുറയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പ് വരുത്താന്‍ ഈ നീക്കം അനിവാര്യമാണെന്നും ഗനി പറഞ്ഞു. സാമ്പത്തിക മുന്നേറ്റം ലക്ഷ്യം വെച്ച് കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ താന്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും പാക്- അഫ്ഗാന്‍ സാമ്പത്തിക സഹകരണം അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ പാക് സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ്, ഇരുരാജ്യങ്ങളും നേരിടുന്ന പൊതുവായ പ്രശ്‌നം തീവ്രവാദവും ഭീകരവാദവുമാണെന്നും എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും സാധിക്കുമെന്നും കഴിഞ്ഞ 30 വര്‍ഷമായി ഇരുരാജ്യങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളെ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മറികടക്കാനായെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.