Connect with us

National

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് അടുത്ത അവിശ്വാസ വോട്ടെടുപ്പ് ജയിക്കാമെന്ന് മോഹിക്കേണ്ട: ശിവസേന

Published

|

Last Updated

മുംബൈ: കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് അടുത്ത അവിശ്വാസ വോട്ട് ജയിക്കാമെന്ന് ബി ജെ പി സര്‍ക്കാര്‍ മോഹിക്കേണ്ടെന്ന് ശിവസേന. സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നത് കുട്ടിക്കളിയല്ല. അധികാരം കൈയില്‍ കിട്ടിയതിന് ശേഷം എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. ആറ് മാസത്തിന് ശേഷമുള്ള അവിശ്വാസ വോട്ടെടുപ്പ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ജയിക്കാമെന്നും കരുതേണ്ട. അങ്ങനെ ചെയ്ത് ജനങ്ങളെ വഞ്ചിക്കാനാണ് ശ്രമമെങ്കില്‍, ഓര്‍ത്തോളൂ സ്വന്തം ശവക്കുഴി തോണ്ടുകയാണ്- ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രതിഷേധം മുഴക്കി ഗവര്‍ണറെ തടഞ്ഞപ്പോള്‍ അദ്ദേഹത്തിന് പരുക്കേറ്റു എന്നാണ് പ്രചാരണം. പരുക്കേറ്റിട്ടും അദ്ദേഹം ഒരു പ്രശ്‌നവുമില്ലാതെ നടന്നുവന്ന് ദീര്‍ഘനേരം പ്രസംഗിച്ചുവെന്നത് അത്ഭുതകരമാണ്. അന്നേ ദിവസം അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവിന്റെ ഒരു അടയാളവും കാണാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരെ വ്യാജ കുറ്റം ചുമത്തി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. തെലങ്കാനയില്‍ നിന്നുള്ള ബി ജെ പി നേതാവായിരുന്നു ഗവര്‍ണര്‍ എന്നതിനാലാകാം, ബി ജെ പിക്കാര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന മുറിവുകള്‍ അദ്ദേഹത്തിനുണ്ടായതെന്നും സാമ്‌ന പരിഹസിക്കുന്നു.
സഭയുടെ വിശ്വാസം നേടാന്‍ ബി ജെ പി സര്‍ക്കാറിന് ആയെങ്കിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പി വിജയിച്ചുവെന്നാണ് എല്ലാ പത്രങ്ങളുടെയും തലക്കെട്ട്. എന്നാല്‍ സര്‍ക്കാറിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരിക്കാനുള്ള എല്ലാ അവകാശവും ബി ജെ പിക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഭരണഘടനാ നിയമങ്ങള്‍ പിന്തുടരാന്‍ പരാജയപ്പെടുന്നവരെ ജനങ്ങള്‍ വീഴ്ത്തും. എല്ലാ നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്തിന്റെ പാരമ്പര്യവും ലംഘിച്ച് സര്‍ക്കാര്‍ രൂപവത്കരിച്ചതിലൂടെ ജനങ്ങള്‍ അതീവ നിരാശയിലാണ്. ബി ജെ പിയുടെ ലജ്ജയില്ലാത്ത നടപടികള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.