Connect with us

National

ശാരദാ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണം: കുനാല്‍ ഘോഷ്

Published

|

Last Updated

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പില്‍ ഉള്‍പ്പെട്ട എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പി കുനാല്‍ ഘോഷ് പറഞ്ഞു. ചിട്ടി തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റെല്ലാവരും കറങ്ങി നടക്കുകയാണെന്നും കുനാല്‍ ഘോഷ് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയവെയാണ് തൃണമൂല്‍ എം പി ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്.
ചിട്ടി തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ ഇപ്പോഴും കേസില്‍ പെടാതെ പുറത്ത് സ്വതന്ത്രരായി നടക്കുകയാണെന്നും തെറ്റ് ചെയ്ത എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഘോഷ് പറഞ്ഞു. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുനാല്‍ ഘോഷിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരദാ തട്ടിപ്പ് കേസില്‍ സി ബി ഐ ആദ്യം അറസ്റ്റ് ചെയ്ത വ്യക്തിയാണ് കുനാല്‍ ഘോഷ്. സി ബി ഐയുടെ ചോദ്യം ചെയ്യല്‍ വേളയില്‍ ഇദ്ദേഹം ചില തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, കുനാല്‍ഘോഷ് പത്രപ്രവര്‍ത്തകരോട് സംസാരിക്കുന്നത് ഒഴിവാക്കാന്‍ ആശുപത്രി പരിസരത്ത് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇ ഇ ജി ടെസ്റ്റുകള്‍ക്ക് ശേഷം എസ് എസ് കെ എം ആശുപത്രിയിലേക്ക് കുനാല്‍ ഘോഷിനെ തിരിച്ച് കൊണ്ടുവരുന്ന സമയത്ത് ഘോഷിനോട് സംസാരിക്കാന്‍ പത്രക്കാര്‍ എത്തിയപ്പോള്‍ പോലീസുമായി ഉന്തുംതള്ളുമുണ്ടാവുകയും ലാത്തിച്ചാര്‍ജിലേക്ക് നയിക്കുകയുമായിരുന്നു. ഘോഷിന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല.

Latest