Connect with us

Kerala

സി പി ഐയുമായി ഏറ്റുമുട്ടലിനില്ല: സി പി എം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ സ്വന്തം നിലക്ക് സമരപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന സി പി ഐയുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സി പി എം സംസ്ഥാന സമിതിയില്‍ പിണറായി വിജയന്‍.
ബാര്‍ കോഴ സമരത്തില്‍ അന്തിമ തീരുമാനം ഇടതുമുന്നണിക്കു വിടുമെന്നും കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമെന്ന നിലപാട് മുന്നണിയില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.
സി പി ഐയുടെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഗൗരവത്തിലെടുക്കില്ല. ഇത് നേരിടാന്‍ മൃദുവായ ഭാഷ ഉപയോഗിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കേണ്ട സാഹചര്യമാണിത്. അതിനാല്‍ തന്നെ സി പി ഐയുടെ ആരോപണങ്ങളെ നേരിടാന്‍ മൃദുവായ ഭാഷ വേണം ഉപയോഗിക്കാന്‍. എന്നാല്‍ ആരോപണങ്ങള്‍ പരിധി വിട്ടാല്‍ ആവശ്യമായ സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്നും പിണറായി വ്യക്തമാക്കി. സി പി ഐക്കെതിരെ കാര്യമായ വിമര്‍ശം ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഉയര്‍ന്നില്ല.
ബാര്‍ കോഴ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭം ഇടതുമുന്നണിയില്‍ തീരുമാനിക്കാന്‍ യോഗത്തില്‍ ധാരണയായി. നിയമപരമായ പോരാട്ടത്തിനുള്ള സാധ്യതകളും പരിശോധിക്കും. സംസ്ഥാനത്തിന്റെ സമഗ്രവികസനം ചര്‍ച്ച ചെയ്യാന്‍ നാലാമത് കേരള പഠന കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനിച്ചു. വേദിയും സമയവും പിന്നീട് തീരുമാനിക്കും.
രണ്ട് ദിവസത്തേക്ക് തീരുമാനിച്ചിരുന്ന സംസ്ഥാന സമിതി അജന്‍ഡകള്‍ പൂര്‍ത്തിയാക്കി ഇന്നലെ പിരിഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ സി പി ഐയെ പിണക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റിലും അഭിപ്രായമുയര്‍ന്നിരുന്നു.

Latest