അബുദാബിയില്‍ പുതിയ ഗതാഗത സിഗ്‌നല്‍ സംവിധാനം നിലവില്‍ വന്നു

Posted on: November 15, 2014 5:54 pm | Last updated: November 15, 2014 at 5:54 pm

അബുദാബി: അബുദാബിയില്‍ പുതിയ ഗതാഗത സിഗ്‌നല്‍ സംവിധാനം നിലവില്‍ വന്നു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാഹനങ്ങളുടെ വരവും എണ്ണവും ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് സ്വയം ഗതാഗതനിയന്ത്രണം നടത്തുന്ന സംവിധാനമാണിത്.
വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അബുദാബി ഗതാഗതവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. അബുദാബി ഐലന്റില്‍ 44 ഇടങ്ങളിലായാണ് പുതിയ സിഗ്‌നല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. യാസ് ഐലന്റില്‍ എട്ടും സാദിയാത്ത് ഐലന്റില്‍ നാലും സിഗ്‌നലുകള്‍ സ്ഥാപിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുക, പ്രധാന കവലകളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം സിഗ്‌നല്‍ കാത്തിരിക്കുന്നത് തടയുക എന്നിവയെല്ലാമാണ് പുതിയ സിഗ്‌നല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി ഗതാഗതവിഭാഗം ഡയറക്ടര്‍ ജനറല്‍ ഫൈസല്‍ അഹമ്മദ് അല്‍ സുവേദി പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വന്നതോടെ അബുദാബിയില്‍ തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് 31 ശതമാനത്തില്‍നിന്ന് 6 ശതമാനമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പിലെ സാങ്കേതികവിഭാഗം ആക്ടിങ് ഡയറക്ടര്‍ ഹമദ് ആദില്‍ അല്‍ അഫീഫി വ്യക്തമാക്കി.