അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 0 – 0 ചെന്നൈയിന്‍ എഫ് സി :സമാസമം

Posted on: November 15, 2014 6:00 am | Last updated: November 15, 2014 at 9:13 am

കൊല്‍ക്കത്ത: ഇന്ത്യ സൂപ്പര്‍ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടം ഗോളില്ലാക്കളിയായി. ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ് സിയും രണ്ടാം പാദ മത്സരത്തില്‍ തുല്യശക്തി പ്രകടിപ്പിച്ച് പിരിഞ്ഞു. ചെന്നൈയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. എട്ടു കളികളില്‍ നിന്ന് ഇരു ടീമുകള്‍ക്കും പതിമൂന്ന് പോയിന്റ് വീതമാണുള്ളത്. ഗോള്‍ശരാശരിയുടെ മികവില്‍ കൊല്‍ക്കത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും പൂനെ സിറ്റി എഫ് സിയും ഏറ്റുമുട്ടും. ജയിച്ചാല്‍ പൂനെക്ക് പതിനാല് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താം.
മികച്ച നീക്കങ്ങങ്ങള്‍ ഒരു ഭാഗത്ത് കാണുമ്പോള്‍, അടുത്ത നിമിഷം തന്നെ കാടന്‍ കളിയുമായി കളിക്കാര്‍ പോരടിച്ചു. ഇരുവരും എതിര്‍ഗോള്‍മുഖം നിരന്തരം റെയ്ഡ് ചെയ്തു. ആക്രമണത്തില്‍ രണ്ടു സ്‌െ്രെടക്കര്‍മാരെ വച്ചു കളിച്ച ചെന്നൈയിനെ ആതിഥേയര്‍ നേരിട്ടത് ഫിക്രുവെന്ന ഒരൊറ്റ സ്‌െ്രെടക്കറെ മുന്‍നിര്‍ത്തിയാണ്. മുന്‍ മത്സരങ്ങളിലെ മികവ് ഫിക്രു പുറത്തെടുത്തിരുന്നെങ്കില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കൊല്‍ക്കത്തക്ക് ജയിച്ച് കയറാമായിരുന്നു. മികച്ച അവസരങ്ങളാണ് ഫിക്രുവിന്റെ കാലില്‍ നിന്നു തെന്നിപ്പോയത്. ഫിക്രുവിന് പിടിച്ചുകെട്ടാന്‍ ചെന്നൈയിന്റെ പ്രതിരോധക്കാരായ മറ്റരാസിക്കും സില്‍വസ്റ്ററിനും പണിപ്പെടേണ്ടി വന്നു. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ സില്‍വസ്റ്റര്‍ ഫിക്രുവുമായി ഉടക്കുകയും ചെയ്തു. കളിക്കാര്‍ ഇടപെട്ടാണ് ഇവരുടെ നേര്‍പോര് ശമിപ്പിച്ചത്. റഫറി ഇവരെ താക്കീത് ചെയ്യുകയും ചെയ്തു. ചെന്നൈയിന്റെ ഇന്ത്യന്‍ താരം ബല്‍വന്ത് ഒരിക്കല്‍ വല ചലിപ്പിച്ചെങ്കിലും പന്ത് കൈകൊണ്ട് തട്ടിയതു വിനയായി. മിഡ്ഫീല്‍ഡര്‍ ജോഫ്രി ആയിരുന്നു ചെന്നൈയിന്റെ നീക്കങ്ങളുടെ കരുത്ത്. കൊല്‍ക്കത്തയുടെ ഒരു ഫ്രീകിക്ക് ബാറിലിടിച്ചു തെറിച്ചതോടെ ഭാഗ്യം അകന്നു.