ബാല്യത്തില്‍ വേദന തിന്ന് സുമിത്ര

Posted on: November 15, 2014 9:06 am | Last updated: November 15, 2014 at 9:07 am

എടക്കര: കുരുന്നുകള്‍ നാടെങ്ങും ശിശുദിനം ആഘോഷിച്ചപ്പോഴും മുഖത്ത് സന്തോഷമില്ലാതെ ഒരു ബാലിക ദുരിത ജീവിതം നയിക്കുന്നു. ചുങ്കത്തറ പെരുമ്പിലാട് കോളനിയിലെ ബില്ലിയുടെ മകള്‍ സുമിത്ര(10)യാണ് വേദന തിന്ന് ജീവിക്കുന്നത്.
കരുളായി പുള്ളിയില്‍ യു പി സ്‌കൂളില്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന സുമിത്ര മൂന്ന് മാസമായി സ്‌കൂളില്‍ പോയിട്ട്. കോളനിയിലെ ബദല്‍ സ്‌കൂളിലാണ് നാല് വരെ പഠിച്ചിരുന്നത്. തുടര്‍പഠനത്തിന് സൗകര്യമില്ലാതെ വന്നതോടെ മാതാവിന്റെ വീട്ടില്‍ കരുളായിയിലേക്ക് താമസം മാറുകയായിരുന്നു. നല്ലംതണ്ണി കോളനിക്ക് സമീപം വെച്ച് കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് സുമിത്രയെ ഓട്ടോയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുമിത്രയുടെ വലതുകാലിലെ മുട്ടിന്റെ താഴെ എല്ല് പൊട്ടുകയായിരുന്നു.
രണ്ട് മാസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇനിയും മാസങ്ങളോളം വിശ്രമം വേണം. ഇതേ സമയം അപകടം സംഭവിച്ചതിന് പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 1000 രൂപ കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചെന്നാണ് പറയുന്നത്. ഐ ടി ഡി പി അധികൃതര്‍ 300 രൂപ മാത്രമാണ് ചികിത്സക്ക് നല്‍കിയതെന്നും പറയുന്നു.