കേരള സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പ്: എസ് എഫ് ഐക്ക് വന്‍ വിജയം

Posted on: November 15, 2014 12:02 am | Last updated: November 15, 2014 at 12:02 am

sfiതിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന 42 കോളജുകളില്‍ 37ഉം എസ് എഫ് ഐ കരസ്ഥമാക്കി. കെ എസ് യുവിന് ആലപ്പുഴ ജില്ലയിലെ മൂന്ന് കോളജുകളില്‍ മാത്രമാണ് യൂനിയന്‍ ലഭിച്ചത്. യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും എസ് എഫ് ഐക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചു. അകെയുള്ള 76 കൗണ്‍സിലര്‍മാരില്‍ 64 എണ്ണം തങ്ങള്‍ക്ക് ലഭിച്ചതായി എസ് എഫ് ഐ അവകാശപ്പെട്ടു. പതിനൊന്ന് കൗണ്‍സിലര്‍മാര്‍ കെ എസ് യുവിനും മൂന്ന് കൗണ്‍സിലമാര്‍ എ ഐ എസ് എഫിനും ലഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് നടന്ന 18 കോളജുകളില്‍ 15 ഇടത്ത് എസ് എഫ് ഐയും മൂന്ന് കോളജുകളില്‍ കെ എസ് യുവും വിജയിച്ചു. ഗവ. ആര്‍ട്‌സ് കോളജ്, ഫൈന്‍ ആര്‍ട്‌സ് കോളജ്, ഗവ. സംസ്‌കൃത കോളജ് , ഐ എച്ച് ആര്‍ ഡി കോളജ് ധനുവച്ചപുരം എന്നിവിടങ്ങളില്‍ നേരത്തെ എല്ലാ സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂനിവേഴ്‌സിറ്റി കോളജ്, ഗവ. വിമന്‍സ് കോളജ് , കെ ഇ എന്‍ എം കാഞ്ഞിരംകുളം, കാട്ടക്കട ക്രിസ്ത്യന്‍, നെയ്യാര്‍ കിഗ്, ചെമ്പഴന്തി എസ് എന്‍, കാര്യവട്ടം ഗവ.കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ് എന്നിവിടങ്ങളില്‍ എല്ലാ സീറ്റുകളിലും എസ് എഫ് ഐ സ്വന്തമാക്കി.