ജി 20 മതസൗഹാര്‍ദ ഉച്ചകോടിയില്‍ ഖലീല്‍ തങ്ങള്‍ സംബന്ധിക്കും

Posted on: November 15, 2014 12:01 am | Last updated: November 15, 2014 at 12:01 am

THANGAL NEWബ്രിസ്ബണ്‍ (ആസ്‌ത്രേലിയ): ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നാളെ നടക്കുന്ന ജി- 20 മതസൗഹാര്‍ദ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിക്കും. സമ്മേളനത്തില്‍ ‘സാമ്പത്തിക വളര്‍ച്ചയും മത സ്വാതന്ത്ര്യവും’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും പണ്ഡിതരും സംബന്ധിക്കുന്ന സെഷനുകളില്‍ ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെപ്പറ്റി ചര്‍ച്ചചെയ്യും. മത സൗഹാര്‍ദത്തിന്റെ ഇന്ത്യന്‍ പാരമ്പര്യത്തെപ്പറ്റി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രബന്ധമവതരിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ മത സൗഹാര്‍ദത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചാ സംഗമത്തിന് യു എ ഇ സാംസ്‌കാരിക, യുവജന കാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് ആല്‍ നഹ്‌യാന്‍ നേതൃത്വം നല്‍കും. യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാഷിമി ഉള്‍പ്പെടെയുള്ള 20 അംഗ പ്രതിനിധി സംഘം ഉച്ചകോടിക്കെത്തിയിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ സര്‍ക്കാറിനോടൊപ്പം ഉച്ചകോടിയുടെ പ്രധാന സംഘാടകരായ ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റി ഇന്റര്‍ഫൈത്ത് കള്‍ച്ചറല്‍ ഡയലോഗുമായി മഅ്ദിന്‍ അക്കാദമി 2012ല്‍ ഉണ്ടാക്കിയ സഹകരണ കരാറിന്റെയും മത സൗഹാര്‍ദത്തിനായുള്ള വിവിധ യു എന്‍ പദ്ധതികളിലെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് മഅ്ദിന്‍ അക്കാദമിയെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. ഇതിന്റെ തുടര്‍ച്ചയായി മഅ്ദിന്‍ അക്കാദമി ഡയറക്ടര്‍ ഡോ. അബ്ബാസ് പനക്കലിന് ജി 20 ഉച്ചകോടിയുടെ ഏഷ്യന്‍ രാജ്യങ്ങളുടെ ഏകോപനത്തിന്റെ ചുമതല നല്‍കിയിരുന്നു. ഉച്ചകോടിക്കു മുന്നോടിയായി യു എസ്, യു കെ, യു എ ഇ, മലേഷ്യ. ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ പ്രീ സമ്മിറ്റുകള്‍ നടന്നു.
ഉച്ചകോടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ജി 20 ഇന്റര്‍ഫൈത്ത് അവാര്‍ഡുകള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഡോ. ഡബ്ലിയു കോള്‍ ഡുറാം (മാനേജിംഗ് എഡിറ്റര്‍, ഹാര്‍വാഡ് ലോ ജേണല്‍), ഡോ. ബ്രിയന്‍ ഗ്രിം (റിലിജിയസ് ഫ്രീഡം ആന്റ് ബിസിനസ് ഫൗണ്ടേഷന്‍ അധ്യക്ഷന്‍), ഡോ. അഗസ്റ്റോ സിമര്‍മന്‍ (മര്‍ഡോക് യൂനിവേഴ്‌സിറ്റി), ഡോ. റാം ചിനാന്‍ (പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി), ഡോ. പോള്‍ ബേബ് (അഡലൈഡ് യൂനിവേഴിസിറ്റി), ഡോ. റൈച്ചല്‍ കോ (എ ബി സി റേഡിയോ), ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റി ഇന്റര്‍ഫൈത്ത് കള്‍ച്ചറല്‍ ഡയലോഗ് ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആഡംസ് തുടങ്ങിയവര്‍ പ്രധാന പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചകോടിക്കായി സയ്യിദ് ഖലീല്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മഅ്ദിന്‍ പ്രതിനിധി സംഘം ആസ്‌ത്രേലിയയിലെത്തി.