പ്ലാറ്റ്‌ഫോം സ്റ്റാളുകാര്‍ക്ക് ട്രെയിനില്‍ കച്ചവടം നടത്താനാകില്ല

Posted on: November 15, 2014 12:47 am | Last updated: November 14, 2014 at 11:47 pm

പാലക്കാട്: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലെ കച്ചവട സ്റ്റാളുകളിലുള്ളവര്‍ ട്രെയിനുകളില്‍ കച്ചവടം നടത്തുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേയുടെ നോട്ടീസ് എല്ലാ സ്റ്റേഷനുകളില്‍ ലഭിച്ചു. റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഇറക്കിയ ഉത്തരവനുസരിച്ച് സ്റ്റാളുകളില്‍ ജോലി നോക്കുന്നവര്‍ക്ക് ഇനി ട്രെയിനുകളില്‍ വില്‍പ്പനാനുമതിയില്ല.
സ്റ്റാളുകളില്‍ കച്ചവടം നടത്തുന്നവര്‍ ജനുവരി ഒന്ന് മുതല്‍ ട്രെയിനുകള്‍ക്കുള്ളില്‍ കച്ചവടം നടത്തരുതെന്നാണ് നോട്ടീസ്. കച്ചവട സ്റ്റാളുകള്‍ പരിഷ്‌കരിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള നീക്കം ആയിരക്കണക്കിനാളുകളെ തൊഴില്‍രഹിതരാക്കും.
ഉത്തരവ് പ്രകാരം റെയില്‍വേ സ്റ്റേഷനുകളിലെ കച്ചവടശാലകളിലുള്ള ജീവനക്കാരുടെ എണ്ണം നാലാക്കി ചുരുക്കണം. ഉത്തരവ് നടപ്പായാല്‍ റെയില്‍വേ സ്റ്റേഷനുകളിലെ കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാരായ ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരാകും. നാല്‍പ്പത് വര്‍ഷമായി സ്റ്റാളുകളില്‍ ജോലി ചെയ്യുന്നവരും ഇവരില്‍ ഉള്‍പ്പെടും.
റെയില്‍വേയെ സ്വകാര്യവ്തകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.