Connect with us

National

ശസ്ത്രക്രിയ മരണം: മരുന്ന് കമ്പനി ഉടമയും മകനും അറസ്റ്റില്‍

Published

|

Last Updated

ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ സൗജന്യ വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളില്‍ 13 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് മരുന്ന് നിര്‍മാണ കമ്പനി ഉടമയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഈ മരുന്ന് കമ്പനികളില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
കുടുംബാസൂത്രണ ക്യാമ്പില്‍ 80ലേറെ പേര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായിരുന്നു. ഇതില്‍ പതിനഞ്ച് പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ആര്‍ കെ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശസ്ത്രക്രിയയില്‍ പാകപ്പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും അതിന് ശേഷം നല്‍കിയ മരുന്ന് കാലഹരണപ്പെട്ടതാകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഔഷധക്കമ്പനിയില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ വന്‍തോതില്‍ മരുന്ന് തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കാന്‍ കമ്പനി ഉടമകള്‍ തന്നെയാണ് മരുന്നുകള്‍ക്ക് തീയിട്ടതെന്ന് പോലീസ് സംശയിക്കുന്നു.

Latest