അര്‍ബുദ ചികിത്സക്ക് ഇന്ത്യ ലേസര്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നു

Posted on: November 15, 2014 12:14 am | Last updated: November 14, 2014 at 11:14 pm

കൊച്ചി: അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ പുതിയ ലേസര്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ വികസിപ്പിച്ചു വരികയാണെന്ന് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ രസതന്ത്ര വിഭാഗം ഡയറക്ടറും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ ഡോ. ബി എന്‍ ജഗതാപ്. ഇത്തരത്തിലുള്ള ലേസര്‍ സാങ്കേതിക വിദ്യകള്‍ ആശയ വിനിമയ രംഗത്ത് പുത്തന്‍ പ്രവണതകള്‍ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ‘കമ്മ്യൂണിക്കേഷന്‍, സിഗ്‌നല്‍, മെറ്റീരിയല്‍ പ്രോസസിംഗ് തുടങ്ങിയ മേഖലകളില്‍ ലേസര്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റ’ ത്തെക്കുറിച്ചുള്ള ത്രിദിന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ബുദ ചികിത്സക്കായുള്ള ഫോട്ടോ ഡൈനാമിക് തെറാപ്പിയിലെ ലേസര്‍ വിദ്യയുടെ പുതിയ ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം നടന്നു വരികയാണ്. ഊര്‍ജം, ദ്രവ്യം, ആരോഗ്യം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഭാഭാ അറ്റോ മിക് റിസര്‍ച്ച് സെന്ററിലെ റേഡിയേഷന്‍ ആന്‍ഡ് ഫോട്ടോ കെമിസ്ട്രി വിഭാഗത്തില്‍ നടക്കുന്നുണ്ടെന്നും ഡോ. ജഗതാപ് പറഞ്ഞു.