കേരളം ഇനി പുകയില പരസ്യ രഹിത സംസ്ഥാനം

Posted on: November 15, 2014 12:12 am | Last updated: November 14, 2014 at 11:13 pm

തിരുവനന്തപുരം: കേരളത്തെ പുകയില പരസ്യ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. ജവഹര്‍ലാന്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ കേരളത്തിന്റെ അന്തസുയര്‍ത്തുന്നവയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന യോഗ പദ്ധതിയുടെ ഉദ്ഘാടനവും കഴിഞ്ഞ വര്‍ഷം ആരംഭിച്ച നവജാതശിശു സമ്പൂര്‍ണ ആരോഗ്യപരിശോധനാ പരിപാടിയുടെയും പോലീസ് ജീവനക്കാര്‍ക്കായി ഈ വര്‍ഷം ആരംഭിച്ച ഷേപ്പ് പദ്ധതിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു. നവജാതശിശു സമ്പൂര്‍ണ ആരോഗ്യ പരിശോധനാ പരിപാടിയില്‍ 18 മാസംകൊണ്ട് ഒരു ലക്ഷത്തിലധികം ശിശുക്കളെ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. വിദ്യാലയാരോഗ്യ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, അമ്പതിനായിരം, 25000 രൂപ വീതമാണ് നല്‍കുക. ആരോഗ്യ വകുപ്പ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മേയര്‍ കെ ചന്ദ്രിക നിര്‍വഹിച്ചു. എന്‍ എച്ച് എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല, അഡീഷനല്‍ ഡയറക്ടര്‍മാരായ ഡോ. എന്‍ ശ്രീധര്‍, ഡോ. എ എസ് പ്രദീപ് കുമാര്‍, സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ് സംസാരിച്ചു.