വെള്ളം നല്‍കിയില്ല; യുവാവ് വസ്ത്രം അലക്കി പ്രതിഷേധിച്ചു

Posted on: November 14, 2014 10:24 am | Last updated: November 14, 2014 at 10:24 am

എടക്കര: ശുദ്ധജലമെത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വസ്ത്രം അലക്കി പ്രതിഷേധ സമരം നടത്തി.
കാക്കപ്പരതയിലെ ചിറ്റേങ്ങാടന്‍ അബ്ദുല്‍ മജീദാണ് സമരം നടത്തിയത്. കാക്കപ്പരത ഖബര്‍സ്ഥാന്‍ കുന്നിലേക്ക് 130 മീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചാല്‍ നാല് കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തും. ഇതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മജീദ് നിവേദനം നല്‍കി. എട്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാലാണ് സമരം നടത്തേണ്ടി വന്നതെന്ന് മജീദ് പറഞ്ഞു.
കുടവും ബക്കറ്റും വസ്ത്രങ്ങളുമായി ടൗണിലൂടെ പ്ലക്കാര്‍ഡുമേന്തിയാണ് മജീദ് പഞ്ചായത്ത് ഓഫീസിലെത്തിയത്. വസ്ത്രങ്ങള്‍ അലക്കിയ ശേഷം നാല് മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. അതേ സമയം മജീദ് നല്‍കിയ നിവേദനത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ തീരുമാനമെടുത്ത് തുടര്‍ നടപടിക്ക് വേണ്ടി ജല അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ നായര്‍ പറഞ്ഞു.