നേതാക്കളുടെ പേര് നല്‍കല്‍: ഭരണസമിതി യോഗത്തില്‍ ബഹളം

Posted on: November 14, 2014 10:12 am | Last updated: November 14, 2014 at 10:12 am

നരിക്കുനി: ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും ബസ് സ്റ്റാന്‍ഡിനും മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ പേര് നല്‍കുന്നത് സംബന്ധിച്ച് ഭരണ സമിതി യോഗത്തില്‍ ബഹളം. യു ഡി എഫ് അംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ വിയോജനകുറിപ്പ രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ 30 വര്‍ഷത്തോളമായി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സി എച്ച് മുഹമ്മദ് കോയയുടെയും 20 വര്‍ഷം മുമ്പ് തുറന്നുകൊടുത്ത ബസ് സ്റ്റാന്‍ഡിന് രാജീവ് ഗാന്ധിയുടെ പേരും നല്‍കാനാണ് തീരുമാനമെടുത്തത്.
ഇറങ്ങിപ്പോയ എല്‍ ഡി എഫ് അംഗങ്ങള്‍ നരിക്കുനിയില്‍ പ്രതിഷേധപ്രകടനവും നടത്തി. മെമ്പര്‍മാരായ കെ പി മോഹനന്‍, പി സി നളിനി, എം അബ്ദുല്‍ഖാദര്‍, പി വസന്തകുമാരി, ടി ഹാഷിം, എം ഭാര്‍ഗവന്‍, കെ ഷൈജു നേതൃത്വം നല്‍കി.ഭരണസമിതി യോഗത്തിന്റെ തീരുമാനത്തില്‍ സി പി എം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.