അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

Posted on: November 14, 2014 12:16 am | Last updated: November 14, 2014 at 12:16 am

പെരിന്തല്‍മണ്ണ: ഒരു കോടിയിലേറെ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്ററുകളും അനുബന്ധ സാമഗ്രികളും വിദേശ നിര്‍മിത ക്യാമറകളും കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടയില്‍. തമിഴ്‌നാട് ആമ്പല്ലൂര്‍, ചുണ്ണാമ്പു കലേയ് ഈദ്ഗാഹ് സ്ട്രീറ്റിലെ മുബാറക് അലി എന്ന അളിയന്‍ അലി (39)യെയാണ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പെരിന്തല്‍മണ്ണ സി ഐ കെ എം ബിജു, പാണ്ടിക്കാട് സി ഐ മനോജ്കുമാര്‍, എസ് ഐ മാരായ ഐ ഗിരീഷ്‌കുമാര്‍, കെ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മേലാറ്റൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന 75 ഓളം കേസുകള്‍ക്ക് തുമ്പായി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകള്‍, പഞ്ചാത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍, കമ്പ്യൂട്ടര്‍ ഷോപ്പുകള്‍, സ്റ്റുഡിയോകള്‍, മദ്‌റസകള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് വിലപിടിപ്പുള്ള കമ്പ്യൂട്ടര്‍ മോണിറ്റര്‍, ഹാര്‍ഡിസ്‌ക്, റാം, മദര്‍ ബോര്‍ഡ്, വിദേശ നിര്‍മിത സ്റ്റില്‍ ക്യാമറകള്‍, കാനോണ്‍, സോണി, നിക്കോണ്‍ എന്നീ കമ്പനികളുടെ ഹാന്റികം വീഡിയോ ക്യാമറ തുടങ്ങിയവ കവര്‍ച്ച ചെയ്ത അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ പ്രതിയാണ് മുബാറക് അലി.
പ്രത്യേക അന്വേഷ സംഘം അഞ്ച് മാസത്തോളം സംസ്ഥാനത്തിന് പുറത്ത് നടത്തിയ അന്വേഷണത്തിലാണ് മുബാറക് അലി പോലീസ് വലയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ആമ്പൂര്‍, വാണിയംപടി എന്നിവിടങ്ങളിലെ കമ്പ്യൂട്ടര്‍ അസംബ്ലിംഗ് സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു. വില പിടിപ്പുള്ള ആഢംബര കാറുകള്‍ വാടകക്കെടുത്താണ് പ്രതി കച്ചവടം നടത്തിയിരുന്നത്. മധുര, തിരുപ്പത്തൂര്‍, വാണിയമ്പാടി സ്റ്റേഷനുകളില്‍ 1996-2000 കാലഘട്ടങ്ങളില്‍ വാഹന മോഷണ കേസുകളില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ കോടതി മുമ്പാകെ ഹാജരാക്കി.